ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

single-img
29 January 2016

Sreenivasan TP

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനെ ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയതിന്റെ പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. കോവളം ലീല ഹോട്ടലിന് മുന്നില്‍ വിദ്യാഭ്യാസ സംഗമത്തിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോവളത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുന്നതിനിടയിലാണ് സംഭവം.

കാറില്‍ എത്തിയ ശ്രീനിവാസന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങാനൊരുങ്ങവെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ ശ്രീനിവാസന്‍ കോവളത്തെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വസതിയില്‍ അഭയം തേടുകയായിരുന്നു. തന്നെ മര്‍ദ്ദിക്കുന്നത് പോലീസുകാര്‍ കാഴ്ചക്കാരെ പോലെ നോക്കി നിന്നെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടും ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞു.

വിദ്യാര്‍ഥികള്‍ വീണ്ടും പ്രകോപനപരമായി രംഗത്തെത്തിയതോടെ പോലീസ് ലാത്തിചാര്‍ജും ഗ്രനേഡും പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായ ശ്രീനിവാസന്‍ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധിയായും അനവധി രാജ്യങ്ങളില്‍ അംബാസഡറായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തികൂടിയാണ്.