ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് പാക്കിസ്ഥാനി ഗായകന്‍ ഗുലാം അലി വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി

single-img
28 January 2016

www.venues.meraevents.com_

പാക്കിസ്ഥാനി ഗായകന്‍ ഗുലാം അലിയുടെ മുംബൈയില്‍ നടക്കേണ്ടിയിരുന്ന ഗസല്‍ ആലാപനം വീണ്ടും റദ്ദാക്കി. ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്നാണ് വെള്ളിയാഴ്ച മുംബൈയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത്.

ഇത് രണ്ടാം തവണയാണ് മുംബൈയില്‍ ശിവസേനയുടെ ഭീഷണി കാരണം ഗുലാം അലിയുടെ സംഗീത പരിപാടി വേണ്ടെന്നു വെക്കുന്നത്. ഷുഹൈബ് ഇല്ല്യാസി സംവിധാനം ചെയ്ത ഘര്‍വാപസി എന്ന സിനിമയുടെ പാട്ടുകള്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ഗുലാം അലി എത്തേണ്ടിയിരുന്നത്. സിനിമയിലെ ഘര്‍ വാപസി എന്ന ഗാനം ഗുലാം അലി ഇവിടെ പാടുമെന്ന് സംഘാടകര്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഗുലാം അലിയുടേതായി പൂനയിലും മുംബൈയിലും നടക്കേണ്ടിയിരുന്ന പരിപാടികളാണ് കഴിഞ്ഞ വര്‍ഷം ഭീഷണിയെ തുടര്‍ന്ന് വേണ്ടെന്നു തീരുമാനിച്ചത്. കേരളത്തിലും ബംഗാളിലും ശിവസേനയുടെ വിലക്കുകള്‍ മറികടന്ന് ഗുലാം അലിയുടെ സംഗീത പരിപാടി സംഘടിപ്പിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.