അഴിമതി നിരോധന നിയമപ്രകാരം ഉമ്മന്‍ ചാണ്ടിക്കും ആര്യാടനും എതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് പിണറായി വിജയന്‍

single-img
28 January 2016

TH30_PINARAYI_VIJAY_516498fഒറ്റപ്പാലം: അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന്  പിണറായി വിജയന്‍. നവകേരള യാത്രയുടെ ഭാഗമായി ഒറ്റപ്പാലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍  രവിക്കെതിരേയും കേസെടുക്കണം. തട്ടിപ്പിന്റെ അതിവിപുലമായ ശൃംഖലയുടെ കണ്ണിയായിട്ടാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഒരു നാണവുമില്ലാതെ മുഖ്യമന്ത്രി നുണപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പിനു കൂട്ടുനിന്നതിന്റെ വിഹിതം മുഖ്യമന്ത്രി കൈപ്പറ്റി. തമ്പാനൂരിനെ ഉപയോഗിച്ച് സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതും മുഖ്യമന്ത്രിയാണ്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ധാര്‍മികതയുടെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോദിവസവും പുതിയ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. മാണിയുടെയും ബാബുവിന്റെയും മാര്‍ഗം തന്നെയാണ്  ആര്യാടന്‍ മുഹമ്മദിനും മുഖ്യമന്ത്രിക്കും സംഭവിക്കാന്‍ പോകുന്നത്. നാറുന്നവരെ പേറേണ്ട സ്ഥിതിയാണ് കേരളത്തിന് ഉണ്ടായിട്ടുള്ളത്. ഇതിനെതിരേ ജനകീയശക്തി ഉയര്‍ന്നുവരണമെന്നും മതനിരപേക്ഷത തകരാതിരിക്കാന്‍ സിപിഎം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.