എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനം തകര്‍ത്ത കേസിലെ അവസാന പ്രതിയും ജയില്‍ മോചിതനായി

single-img
28 January 2016

inderjit-singh-reyat-ഒട്ടാവ: എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനം തകര്‍ത്ത കേസിലെ പ്രതി ഇന്ദ്രജിത്ത് സിങ് റായത്ത് ജയില്‍ മോചിതനായി. കനേഡിയന്‍ ജയിലില്‍ നിന്ന് ഇന്നലെയാണ് ഇയാള്‍ മോചിതനായത്. ശിക്ഷാ കാലാവധിയുടെ രണ്ടില്‍ മൂന്ന് ഭാഗം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇയാളെ മോചിപ്പിക്കുന്നത്. ജയില്‍ മോചിതനായ ശേഷവും ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരിക്കും.  നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഇന്ദ്രജിത്ത് സിങിനെ ജയില്‍ മോചിതനാക്കുന്നത്. ഏതെങ്കിലും സമയത്ത് ഇന്ദ്രജിത്ത് സമൂഹത്തിന് ഭീഷണിയാണെന്ന് തോന്നിയാല്‍ ഉടന്‍തന്നെ ജയിലിലേക്ക് മാറ്റും. രണ്ടു പതിറ്റാണ്ടിലേറെയായി ജയിലിലായിരുന്നു സിങ്.

1985 ല്‍ കാനഡയിലെ മൊണ്‍ട്രിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുകയായിരുന്ന കനിഷ്‌ക വിമാനം ബോംബുവെച്ച് തകര്‍ത്ത കേസില്‍  ശിക്ഷയനുഭവിക്കുകയായിരുന്നു ഇയാള്‍. ദുരന്തത്തില്‍ 329 പേര്‍ കൊല്ലപ്പെട്ടിരുന്നു. കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യക്കാരായിരുന്നു മരിച്ചവരില്‍ ഏറെയും.

രണ്ട് സ്യൂട്ട്‌കേസ് ബോംബുകളാണ് സിംങ് വാര്‍കൂവറില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സ്ഥാപിച്ചത്. ഒരെണ്ണം കനിഷ്‌കയില്‍ പൊട്ടിത്തെറിച്ചപ്പോള്‍ രണ്ടാമത്തേത് ജപ്പാനിലെ നരീദ വിമാനത്താവളത്തിലാണ് പൊട്ടിയത്.അന്നുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ജീവനക്കാര്‍ മരിച്ചിരുന്നു.

കനഡയില്‍ മെക്കാനിക് ആയി ജോലി ചെയ്തുവന്നിരുന്ന ഇന്ദ്രജിത്ത് സിങ്ങാണ് വിമാനങ്ങള്‍ തകര്‍ക്കുന്നതിനുള്ള ബോംബുകള്‍ നിര്‍മ്മിച്ചത്.  സിങാണ് ബോംബ് നിര്‍മ്മാണത്തിനുള്ള ഡൈനാമിറ്റും ബാറ്ററികളും ഡിറ്റോണേറ്ററുകളും വാങ്ങിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 1984ല്‍ അമൃത്സര്‍ സുവര്‍ണക്ഷേത്രത്തിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ഖാലിസ്ഥാന്‍ തീവ്രവാദികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

കേസിലെ മറ്റു പ്രതികളായ റിപുദമാന്‍ സിങ് മാലിക്, അജെയ്ബ് സിങ് ബാഗ്രി എന്നിവരുടെ പങ്കിനെ കുറിച്ച് കോടതിയില്‍ കള്ളം പറഞ്ഞതിനും 2010ല്‍ ഇന്ദ്രജിത്ത് സിങ് റായത്ത് ശിക്ഷിക്കപ്പെട്ടിരുന്നു. ഈ പ്രതികളെ പിന്നീട് തെളിവുകളുടെ അഭാവത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.