രാജ്യാന്തര കടല്‍നിയമങ്ങളുടെ കാര്‍ക്കശ്യം നിമിത്തം കൊച്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 31 മനുഷ്യജീവനുകള്‍ കടലില്‍ മുങ്ങിത്താഴുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് നോക്കിനില്‍ക്കേണ്ടി വന്നു

single-img
27 January 2016

1442204808915

കൊച്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 31 മനുഷ്യജീവനുകള്‍ കടലില്‍ മുങ്ങിത്താണിട്ടും രാജ്യാന്തര കടല്‍നിയമങ്ങളുടെ കാര്‍ക്കശ്യം നിമിത്തം അവരെയാരേയും രക്ഷിക്കാനായില്ലെന്ന് ഓസ്‌ട്രേലിയന്‍ രക്ഷാപ്രവര്‍ത്തകര്‍. ഏജീന്‍ കടലിലെ ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിന് സമീപമാണ് സംഭവമെന്ന് റിപ്പോര്‍ട്ട് ചെയ്ത ദ് ഇന്‍ഡിപെന്‍ഡന്റ് അറിയിച്ചു.

മറ്റൊരു രാജ്യത്തെത്താന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളെ അതിര്‍ത്തി മുറിച്ചുകടക്കുന്നതിന് മുന്‍പേ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്ന%ക്ഷം രക്ഷാപ്രവര്‍ത്തകര്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കാനുള്ള വകുപ്പുള്ളതിനാലാണ് ഈ കാഴ്ച കണ്ടു നില്‍ക്കേണ്ടി വന്നതെന്ന് രക്ഷാപ്രവര്‍ത്തകരുടെ കൂട്ടത്തിലുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ പൗരനായ സൈമണ്‍ ലെവിസ് പറയുന്നു. കടലില്‍വച്ച് അപകടത്തില്‍പ്പെട്ട അഭയാര്‍ഥി ബോട്ട് കണ്ട് രക്ഷിക്കാന്‍ അതിന് സമീപത്തേക്ക് തങ്ങള്‍ എത്തിയതാണെങ്കിലും മുങ്ങുന്ന ബോട്ടും അഭയാര്‍ഥികളും സാങ്കേതികമായി തുര്‍ക്കിയുടെ അധീനതയിലുള്ള പ്രദേശത്താണെന്ന് മനസ്സിലായതോടെ നിസഹായനായി നില്‍ക്കേണ്ടി വന്നുവെന്ന് ലെവിസ് പറഞ്ഞു.

മുങ്ങുന്ന ബോട്ടില്‍ നിന്നും രക്ഷാപ്രവര്‍ത്തകരെ കണ്ട് തന്റെ കൊച്ചുകുഞ്ഞിനെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന ഒരു അമ്മ എറിഞ്ഞുതരാന്‍ ശ്രമിച്ചതായും എന്നാല്‍, രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തം നീട്ടാനാകും മുന്‍പ് ഈ കുഞ്ഞുജീവനും കടലിന്റെ ആഴങ്ങളിലേക്ക് പോയെന്നും ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടുചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്ന എല്ലാ നാവികരുടെ അവസ്ഥ ഇതാണെന്നും ആളുകളെ രക്ഷിക്കാന്‍ എന്തൊക്കെ ചെയ്താലും രാജ്യാന്തര കടല്‍നിയമങ്ങള്‍ എതിരാകുന്നത് പതിവാണെന്നും ലെവിസ് പറയുന്നു. കുഞ്ഞിനെ എറിഞ്ഞുതരാന്‍ ശ്രമിച്ച അമ്മ ചെയ്യുന്നതെന്താണെന്ന് മനസിലായിട്ടും തങ്ങള്‍ നിസഹായരായി പോയത് അതുകൊണ്ടാണെന്നും ലെവിസ് പറഞ്ഞു.

എന്നാല്‍ 10 ദിവസത്തിനുള്ളില്‍ 517 പേരെ ലെവിസ് അംഗമായ ഗ്രീക്ക് ലൈഫ്ഗാര്‍ഡ്‌സും ഇന്റര്‍നാഷണല്‍ സര്‍ഫ് ലൈഫ്‌സേവിങ് അസോസിയേഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭസംഘം രക്ഷപ്പെടുത്തിയിട്ടുണ്ട്.