മുന്‍ പി.എല്‍.എ തീവ്രവാദി നേതാവിനെ വ്യാജ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്ന്‍ വെളിപ്പെടുത്തല്‍

single-img
27 January 2016

kikllഇംഫാല്‍: മണിപ്പൂരില്‍ മുന്‍ പി.എല്‍.എ തീവ്രവാദി നേതാവിനെ  വ്യാജ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി പോലീസ് ഓഫീസര്‍. 2009ലാണ് സഞ്ജിത് മേയ്ത്തിയെ പോലീസ് കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു  പോലീസിന്റെ വിശദീകരണം.

എന്നാല്‍ നിരായുധനായ മേയ്ത്തിയെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഹെഡ് കോണ്‍സ്റ്റബിളായ ഹെറോജിത് സിംഗ് ആണ് രംഗത്തെത്തിയിരിക്കുന്നത്. സി.എന്‍.എന്‍-ഐ.ബി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് സിംഗിന്റെ വെളിപ്പെടുത്തല്‍.

അന്നത്തെ ഇംഫാല്‍ എ.എസ്.പിയുടെ നിര്‍ദേശപ്രകാരം താനാണ് മേയ്ത്തിയുടെ നേരെ വെടിയുതിര്‍ത്തത്. നിരവധി തവണ വെടിവച്ചു. 9 എം.എം പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിവെച്ചത്.

ഇക്കാര്യം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അറിയാവുന്നതാണെന്നും തനിക്ക് ഇപ്പോള്‍ ജീവഭയമുണ്ടെന്നും ഹെറോജിത് സിംഗ് പറയുന്നു. മേയ്ത്തി ഇംഫാലിലെ തിരക്കേറിയ റോഡിലാണ് വെടിയേറ്റു മരിച്ചത്. വ്യാജ ഏറ്റുമുട്ടലാണെന്ന് നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു.