‘ജ്വല്ലറി ബില്‍’ ഡെന്മാര്‍ക്ക് പാസാക്കി; ഇനി മുതല്‍ രാജ്യത്തെ അഭയാര്‍ഥികളുടെ പക്കല്‍ നിന്നും 1500 ഡോളറിന് മേല്‍ മൂല്യമുള്ള വസ്തുക്കള്‍ പിടിച്ചെടുക്കും

single-img
27 January 2016

denmarkകോപ്പന്‍ഹേഗന്‍:  രാജ്യത്ത് എത്തുന്ന അഭയാര്‍ഥികളുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമം ഡെന്മാര്‍ക്ക് നിയമനിര്‍മ്മാണ സഭ പാസാക്കി.  27 നെതിരെ 81 വോട്ടുകള്‍ക്കാണ് ‘ജ്വല്ലറി ബില്‍’ എന്ന വിവാദ ബില്‍ പാസാക്കിയത്.ഇനി മുതല്‍ ഡന്മാര്‍ക്കിലെത്തുന്ന അഭയാര്‍ഥികള്‍ക്ക് 1500 ഡോളറിന് മേല്‍ മൂല്യമുള്ള വസ്തുക്കള്‍ കൈവശം സൂക്ഷിക്കാനാകില്ല. എന്നാല്‍ വിവാഹ മോതിരങ്ങള്‍, കുടുംബ ഫോട്ടോകള്‍, മെഡലുകള്‍ എന്നിവ പിടിച്ചെടുക്കില്ല. അഭയാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായാണ് ഇത്തരം വസ്തുക്കള്‍ പിടിച്ചെടുക്കുക.

പുതിയ നിയമത്തിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതരുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്‍ പിടിച്ചെടുത്തതിന്  സമാനമാണ് പുതിയ നിയമമെന്നാണ് വിമര്‍ശം. എന്നാല്‍  അഭയാര്‍ഥികള്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ക്കുള്ള തുക കണ്ടെത്താനാണ് പുതിയ നിയമമെന്നാണ് ലിബറല്‍ പാര്‍ട്ടിയുടെ നിലപാട്.

ഡാനിഷ് പൗരന്മാര്‍ക്കുള്ളത് പോലെതന്നെ ഡെന്മാര്‍ക്കിലെത്തുന്ന ഓരോ അഭയാര്‍ഥിക്കും ചികിത്സ, സര്‍വകലാശാല വരെയുള്ള വിദ്യാഭ്യാസം, വാര്‍ധക്യകാല ശുശ്രൂഷ, ഭാഷാ പരിശീലനം തുടങ്ങിയവ തികച്ചും സൗജന്യമായാണ് സര്‍ക്കാര്‍ നല്‍കുന്നത്.

അത്തരം സേവനങ്ങള്‍ക്ക് ചെലവു വരുന്ന തുക കണ്ടെത്താനാണ് പുതിയ നിയമമെന്നും ലിബറല്‍ പാര്‍ട്ടി വക്താവ്  പറഞ്ഞു.  സമാന നിയമം നിലവിലുള്ള സ്വിറ്റ്‌സര്‍ലന്‍ഡില്‍ അഭയാര്‍ഥികളായെത്തുന്നവര്‍ക്ക് 1000 ഡോളര്‍വരെ മൂല്യമുള്ള വസ്തുക്കള്‍ മാത്രമെ സ്വകാര്യമായി സൂക്ഷിക്കാനാകു.