ബാര്‍കോഴ: കെ.ബാബു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി അനുകൂലമായാലും എതിരായാലും രാജി തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ ബാബു

single-img
27 January 2016

K Babuതിരുവനന്തപുരം: ബാര്‍കോഴയില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ.ബാബു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി വിധി അനുകൂലമായാലും എതിരായാലും രാജി തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ ബാബു. വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ബാബു തന്നെ നേരിട്ട് കോടതിയെ സമീപിച്ചിട്ടും സ്‌റ്റേ കിട്ടിയില്ലെങ്കില്‍ അത് സര്‍ക്കാരിനും ബാബുവിനും കനത്ത തിരിച്ചടിയാകും.

മറിച്ച് സ്റ്റേ ലഭിച്ചാല്‍ വിജിലന്‍സ് കോടതിയുടേത് അസാധാരണ വിധിയാണെന്ന വാദം ബാബു പൊതുജനമധ്യത്തില്‍ വീണ്ടും ഉന്നയിച്ചേക്കും.സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവ് തിടുക്കത്തിലായിപ്പോയെന്നും ഹൈക്കോടതി ഉത്തരവ് വരെ കാക്കാമായിരുന്നുവെന്നും ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടതിലാണ് ബാബുവിന്റെ പ്രതീക്ഷ.

സ്റ്റേ കിട്ടിയാലും ഇല്ലെങ്കിലും കെ.ബാബു രാജി പിന്‍വലിക്കാനിടയില്ല. രാജിക്കത്ത് മുഖ്യമന്ത്രി ഇന്ന് തന്നെ ഗവര്‍ണര്‍ക്ക് കൈമാറും. മന്ത്രിസ്ഥാനത്ത് തുടരാനുള്ള പഴുതുണ്ടോ എന്ന് നോക്കിയിട്ടില്ലെന്നും ആരും ആവശ്യപ്പെട്ടിട്ടല്ല രാജിയെന്നും അദ്ദേഹം പറഞ്ഞു. വീടും ഓഫീസും ഒഴിയാനുള്ള തയ്യാറെടുപ്പിലാണെന്നും ബാബു   പറഞ്ഞു. കൂടാതെ കോടതിയുടെ അനുകൂല ഉത്തരവുണ്ടായാലും ഇനി മന്ത്രിസഭയിലേക്കില്ലെന്ന് ബാബു മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ബാബുവിന്റെ ഹര്‍ജിയില്‍ തീരുമാനം അറിഞ്ഞശേഷമായിരിക്കും മിക്കവാറും രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറുക.

അനുകൂലവിധി ലഭിച്ചാല്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് കോടതിയുടെ വിജിലന്‍സിനെതിരായ കേവലമായ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാജിവെക്കുകയും ആ പരാമര്‍ശം നീക്കിയിട്ടും രാജി പിന്‍ വലിക്കാതെ ഇരുന്ന രക്തസാക്ഷിപരിവേഷവുമാണ് മുഖ്യമന്ത്രിയും എ ഗ്രൂപ്പും ഉദ്ദേശിക്കുന്നത്.