സൈക്കിള്‍ ചവിട്ടി പാര്‍ലമെന്റില്‍ എത്തുന്ന ചീഫ് വിപ്പ്

single-img
24 January 2016

arjun-ramജയ്പൂര്‍: ആര്‍ഭാടത്തിനും വിഐപി സംസ്‌കാരത്തിനും പേരു കേട്ട രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിലേക്ക് സാധാരണക്കാരനെ പോലെ എത്തുന്ന ബിക്കാനീറിലെ എംപി.   പൊതുപ്രവര്‍ത്തകന്റെ ലളിത ജീവിതത്തെ കുറിച്ച് പ്രസംഗിച്ച് നടക്കുന്നവര്‍ക്ക് പുതിയൊരു മാതൃകയാണ് സര്‍ക്കാര്‍ അനുവദിച്ച കാര്‍പോലും ഉപയോഗിക്കാതെ സൈക്കിളില്‍ സവാരി നടത്തുന്ന അര്‍ജുന്‍ രാം മേഗ്വാല്‍ എംപി.

ഇദ്ദേഹം പാര്‍ലമെന്റിലേക്ക് പോകുന്നതും സൈക്കിളില്‍ തന്നെ. രാജസ്ഥാന്‍ കേഡറിലെ പഴയ ഐഎഎസ് ഓഫീസറുമാണീ ബിജെപി എംപി. 2009ലാണ് ബിജെപി ടിക്കറ്റില്‍ ബിക്കാനീരില്‍ നിന്ന് അര്‍ജുന്‍ ലോകസഭയിലെത്തിയത്. 2013ലെ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും അര്‍ജുന് ലഭിച്ചിട്ടുണ്ട്. കഴിവിന്റെ പരമാവധി സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.16-ആം ലോകസഭയിലെ ബിജെപിയുടെ ചീഫ് വിപ്പാണ് അര്‍ജുന്‍ രാം മേഗ്വാല്‍.

ബിക്കാനീറിലെ കിസ്മിദാറിലെ ഒരു നെയ്ത്തുകുടുംബത്തിലായിരുന്നു അര്‍ജുന്റെ ജനനം. ബിഎ, എല്‍എല്‍ബി, എംബിഎ ബിരുദധാരിയായ അര്‍ജുന്‍ രാജസ്ഥാന്‍ ഭരണ സര്‍വീസില്‍ ജോലിക്ക് കയറുകയും പിന്നീട് ഐഎഎസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയുമായിരുന്നു.