അധിക ഫീസ് ആവശ്യപ്പെട്ട് കോളജ് മാനേജ്‌മെന്റിന്റെ പീഡനം; തമിഴ്‌നാട്ടില്‍ മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

single-img
24 January 2016

suicideചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത്  മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനു തൊട്ടുപിന്നാലെയാണ് നാടിനെ നടുക്കിയ സംഭവം. കല്ലകുറിച്ചി എസ്.വി.എസ് മെഡിക്കല്‍ കോളജ് നാചുറോപ്പതി ആന്റ് യോഗ സയന്‍സിലെ വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അധിക ഫീസ് ആവശ്യപ്പെട്ട് കോളജ് മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കുകയാണെന്ന് കുറിപ്പില്‍ പറയുന്നത്.

ഇ. ശരണ്യ(18), വി.പ്രിയങ്ക(18), ടി.മോനിഷ (19) എന്നിവരാണ് മരിച്ചത്. സംഭവവത്തെ തുടര്‍ന്ന് കോളജ് ചെയര്‍പേഴ്‌സണ്‍ വസുകി സുബ്രഹ്മണ്യന്‍ ഒളിവില്‍ പോയി. ഇവരുടെ മകന്‍ സുഖി വര്‍മ്മയെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.

കോളജ് മാനേജ്‌മെന്റ് തങ്ങളില്‍ നിന്നും ആറു ലക്ഷത്തോളം രൂപ അമിത ഫീസായി ഈടാക്കിയെന്നും ഇതിന്റെ ബില്ല് നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കോളജില്‍ കൃത്യമായി ക്ലാസുകള്‍ നടന്നിരുന്നില്ല. അധ്യാപകരുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഒന്നുംതന്നെ പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ സ്വഭാവം മോശമായിരുന്നുവെന്ന് തങ്ങളുടെ മരണത്തിനുശേഷം ചെയര്‍പഴ്‌സണ്‍ പറഞ്ഞേക്കാം. എന്നാല്‍ അവരെ വിശ്വസിക്കരുത്. അവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു.

അതേസമയം വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തതല്ലെന്നും അവരുടേത് കൊലപാതകമാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു.കോളജ് അധികൃതര്‍ ഇവരെ മാനസികമായി പീഡിപ്പിച്ചതായും അപമാനിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.  ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ എസ്.വി.എസ് മെഡിക്കല്‍ കോളജില്‍ നടത്തുന്നതിനെതിരെയും അവര്‍ രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.