ലാവലിന്‍ കേസ്; പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നിര്‍ത്തിവെച്ച് രാഷ്ട്രീയ മാന്യത കാട്ടണമെന്ന് കെ.ബാബു

single-img
24 January 2016

babuതൃപ്പൂണിത്തുറ: ലാവലിന്‍ കേസില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നിര്‍ത്തിവെച്ച് രാഷ്ട്രീയ മാന്യത കാട്ടണമെന്ന് കെ.ബാബു. രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിക്കാട്ടാനാണ് താന്‍ രാജിവെച്ചത്. ആ മാതൃക പിണറായിയും കാട്ടണം. അല്ലാതെ തനിക്കെതിരെ പറയാന്‍ പിണറായിക്ക് ധാര്‍മ്മിക അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിജിലന്‍സിന് അടിക്കടി പിഴവ് വരുന്നതിനെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല. തനിക്കെതിരെ കോടതി ഒന്നും പറഞ്ഞിട്ടില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി പറഞ്ഞതായി ടെലിവിഷനില്‍ സ്‌കോള്‍ കണ്ടാണ് താന്‍ രാജിവെച്ചത്. വിധി എന്താണെന്ന് പോലും വായിച്ചുനോക്കുന്നതിന് മുമ്പ് തന്നെ രാജിവെച്ചയാളാണ് താനെന്നും ബാബു പറഞ്ഞു.

വി.ശിവന്‍കുട്ടി എം.എല്‍.എയാണ് ബിജു രമേശിന്റെ സംരക്ഷകന്‍. തിരുവനന്തപുരം നഗരത്തില്‍ ബിജു രമേശിന് നിരവധി അനധികൃത കെട്ടിടങ്ങളുണ്ട്. ശിവന്‍കുട്ടി തിരുവനന്തപുരം മേയറായിരുന്ന കാലം മുതല്‍ ബിജു രമേശിനെ സംരക്ഷിച്ചുപോരുന്നുണ്ട്. ഒരു കോടിയോളം രൂപ നികുതി ഇനത്തില്‍ ബിജു രമേശ് അടയ്ക്കാനുണ്ട്. ബിജു രമേശിന്റെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ഇടതുമുന്നണി തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിയെയാണ് രാജിക്കാര്യം അറിയിക്കേണ്ടത്. മന്ത്രിമാര്‍ രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റനല്ല മുഖ്യമന്ത്രിക്കാണ് നല്‍കേണ്ടത്. കെ.പി.സി.സി സ്ഥാനങ്ങള്‍ രാജിവെക്കുമ്പോള്‍ മാത്രമേ കെ.പി.സി.സി പ്രസിഡന്റിനെ കാണേണ്ടതുള്ളൂ.