കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ തായ്‌ലണ്ടില്‍ കണ്ടെത്തി

single-img
24 January 2016

mh70ബാങ്കോക്: രണ്ടുവര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം എം. എച്ച് 370 ന്റേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ തായ്‌ലണ്ടില്‍ കണ്ടെത്തി. തായ്‌ലണ്ടിലെ ദക്ഷിണ തീരത്താണ് വിമാന ഭാഗങ്ങള്‍ കണ്ടെത്തിയത്. കടല്‍തീരത്ത് അടിഞ്ഞ വലിയ ലോഹഭാഗം ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ചത്.തീരത്തടിഞ്ഞ ലോഹ ഭാഗത്തിന് മൂന്ന് മീറ്റര്‍ നീളവും രണ്ടുമീറ്റര്‍ വീതിയുമുണ്ട്.

ഇന്ധന ടാങ്കിന്റെ ഭാഗമാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കണ്ടെത്തിയത് വിമാനാവശിഷ്ടമാണെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.  മാര്‍ച്ച് 2014ലാണ് ക്വലാലംപൂരില്‍ നിന്നും ബീജിങ്ങിലേക്കുള്ള യാത്രക്കിടെ എം. എച്ച് 370 കാണാതായത്. 239 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ ഏറെപേരും ചൈനക്കാരായിരുന്നു. വിമാനം കാണാതായത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.