ദിനുവിനെ പുറത്താക്കിയ ഫറൂഖ് കോളെജ് മാനേജ്‌മെന്റ് നടപടി പുനപരിശോധിക്കണമെന്ന് എംഎ ബേബി

single-img
23 January 2016

M.A.Baby_ലിംഗവിവേചനത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ ദിനു എന്ന വിദ്യാര്‍ത്ഥിയെ പുറത്താക്കിയ ഫറൂഖ് കോളെജ് മാനേജ്‌മെന്റ് നടപടി പുനപരിശോധിക്കണമെന്ന്  എംഎ ബേബി എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഹൈദരാബാദ് സര്‍വകലാശാലയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ഇന്ത്യയെ ആകെ ഇളക്കി മറിക്കുന്ന സാഹചര്യത്തില്‍ കോളെജ് അടിയന്തരമായി പിടിവാശി ഉപേക്ഷിച്ച് വിദ്യാര്‍ത്ഥിയ്ക്ക് പഠിക്കാനുള്ള അവസരം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

‘ദിനു എന്ന മിടുക്കനായ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യില്ല. എസ്എഫ്‌ഐയുടെയും മറ്റു പുരോഗമന പ്രസ്ഥാനങ്ങളുടെയും പിന്തുണ ദിനുവിന് ആത്മവിശ്വാസം നല്കുന്നുണ്ട്. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടുപോകുന്നതുവരെ മാനേജ്‌മെന്റ് കാത്തിരിക്കരുതെന്നും പിടിവാശി ഉപേക്ഷിച്ച് ദിനുവിനെ തിരിച്ചെടുത്ത് കേസ് അവസാനിപ്പിക്കണണം. ദിനു എന്ന ദളിത് വിദ്യാര്‍ത്ഥിയെ തിരിച്ചടുക്കുന്നതും വിവിധ ജാതി മതസ്ഥര്‍ പഠിക്കുന്ന കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകുന്നതില്‍ മാനേജ്‌മെന്റ് അനാവശ്യമായി ഇടപെടാതിരിക്കുകയും ചെയ്യുന്നതാണ് കോളെജിന് യശസ്സുണ്ടാക്കുക, മറിച്ചല്ല. സമുദായത്തിന് പുരോഗതി ഉണ്ടാക്കുക നവീന വിദ്യാഭ്യാസമാണ്. യാഥാസ്ഥിതികരായി പിന്നോട്ട് നോക്കിയിരിക്കലല്ല’ ബേബി പറഞ്ഞു.

ഇക്കാര്യത്തില്‍ ഡോ ഹുസൈന്‍ മടവൂരും ഡോ ഫസല്‍ ഗഫൂറും മുന്‍കൈ എടുത്താല്‍ ചര്‍ച്ചകളില്‍ പങ്കാളിയാവാന്‍ താനും തയ്യാറാണ് എംഎ ബേബി വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കോഴിക്കോട് ഫറൂഖ് കോളേജിലെ ദിനു എന്ന വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തത് പുനരാലോചിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ 17ന് മാനേജ്മെന്‍റിന് ഞാന്‍ ഒരു കത്തെഴുതിയിരുന്നു. ദിനുവിന്‍റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത കേരള ഹൈക്കോടതി ഉത്തരവിന്‍റെ സത്തയെ ആദരിച്ചുകൊണ്ട് നടപടികള്‍ അവസാനിപ്പിച്ച് ആ വിദ്യാര്‍ത്ഥിക്ക് അവിടെ തുടര്‍ന്നും പഠിക്കാനുള്ള അവസരമുണ്ടാക്കണമെന്നതായിരുന്നു എന്‍റെ ആവശ്യം.
കോളേജ് മാനോജ്മെന്‍റിനോട് അടുപ്പമുള്ള പലരും ഇക്കാര്യത്തില്‍ അനുഭാവം അറിയിച്ചുകൊണ്ട് എന്നോട് ഫോണിലും അല്ലാതെയും സംസാരിച്ചിരുന്നു. കോളേജിന്‍റെ മുന്‍ പ്രിന്‍സിപ്പാള്‍ കൂടെ ആയ ഡോ ഹുസൈന്‍ മടവൂര്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എന്നോട് പ്രതികരിച്ചത്. എംഇഎസ് അദ്ധ്യക്ഷന്‍ ഡോ ഫസല്‍ ഗഫൂറിനെപ്പോലുള്ളവര്‍ ഫോണിലും സംസാരിച്ചിരുന്നു.

സംഘപരിവാരത്തിലുള്ള പലരും ഇക്കാര്യത്തില്‍ പ്രകോപനപരമായാണ് ഫേസ്ബുക്കിലും മറ്റും എന്നോട് പ്രതികരിച്ചത്. അവരില്‍ പലരും സിപിഐഎം അനുഭാവികളാണെന്ന മട്ടിലാണ് എഴുതിയത്. ഇതൊരു പതിവ് ആര്‍എസ്എസ് തന്ത്രമാണ്. കൂടാതെ ഇടതുപക്ഷത്തെ അനുകൂലിക്കുന്ന പലരും ഇക്കാര്യത്തില്‍ ഞാന്‍ അനാവശ്യമായി മാനേജ്മെന്‍റിനെ അനുകൂലിക്കുന്നു എന്ന തെറ്റിദ്ധാരണയുമായി എഴുതിയിരുന്നു. മാനേജ്മെന്‍റിനെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ അല്ല ഇവിടെ പ്രശ്നം. ഇന്ത്യയില്‍ ഇന്ന് നിലനില്ക്കുന്ന തീവ്രഹിന്ദുത്വ വര്‍ഗീയതയുടെ കാലത്ത് ഇത്തരം കാര്യം എങ്ങനെ വേണം പരിഹരിക്കാന്‍ എന്നതായിരുന്നു വിഷയം.

മാധ്യമം പത്രത്തിലെ ഒരു പംക്തീകാരനായ സി ദാവൂദ് പതിവുപോലെ അനുചിതമായ ഭാഷയില്‍ എന്നെ ആക്രമിച്ചാണ് പ്രതികരിച്ചത്. സംഘപരിവാരുകാരും സി ദാവൂദും ഒരേ താല്പര്യ സംരക്ഷണത്തിനാണ് നിലനില്ക്കുന്നതെന്ന് അതിലൂടെ ഒരിക്കല്‍കൂടെ വ്യക്തമാവുകയുണ്ടായി .

പക്ഷേ, കാര്യങ്ങളില്‍ ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. കോടതി സ്റ്റേയ്ക്കെതിരെ മാനേജ്മെന്‍റ് വലിയ പണം ചെലവാക്കി കേസ് നടത്തുകയാണ്. ഇത് ദുരഭിമാനമാണ്. ഫറൂക്ക് കോളേജ് മാനേജ്മെന്‍റിന് ചേര്‍ന്നതല്ല ഈ നടപടി. ദിനു ഇന്നും കോളേജില്‍ പോകുന്നത് കോടതി സ്റ്റേയുടെ ബലത്താല്‍ മാത്രമാണ്. മാനേജ്മെന്‍റ് മുന്‍കൈ എടുത്ത് ഈ അവസ്ഥ മാറ്റണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഹൈദരാബാദ് സര്‍വകലാശാലയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ഇന്ത്യയെ ആകെ ഇളക്കി മറിക്കുകയാണ്. ഫറൂക്ക് കോളേജിലെ ദിനു എന്ന മിടുക്കനായ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യില്ല. എസ്എഫ്ഐയുടെയും മറ്റു പുരോഗമന പ്രസ്ഥാനങ്ങളുടെയും പിന്തുണ ദിനുവിന് ആത്മവിശ്വാസം നല്കുന്നുണ്ട്. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടുപോകുന്നതുവരെ മാനേജ്മെന്‍റ് കാത്തിരിക്കരുതെന്നും പിടിവാശി ഉപേക്ഷിച്ച് ദിനുവിനെ തിരിച്ചെടുത്ത് കേസ് അവസാനിപ്പിക്കണമെന്നും ഒരിക്കല്‍ കൂടെ അഭ്യര്‍ത്ഥിക്കുന്നു. ദിനു എന്ന ദളിത് വിദ്യാര്‍ത്ഥിയെ തിരിച്ചടുക്കുന്നതും വിവിധ ജാതി മതസ്ഥര്‍ പഠിക്കുന്ന കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകുന്നതില്‍ മാനേജ്മെന്‍റ് അനാവശ്യമായി ഇടപെടാതിരിക്കുകയും ചെയ്യുന്നതാണ് കോളേജിന് യശസ്സുണ്ടാക്കുക, മറിച്ചല്ല. സമുദായത്തിന് പുരോഗതി ഉണ്ടാക്കുക നവീന വിദ്യാഭ്യാസമാണ്. യാഥാസ്ഥിതികരായി പിന്നോട്ട് നോക്കിയിരിക്കലല്ല.

ഇക്കാര്യത്തില്‍ ഡോ ഹുസൈന്‍ മടവൂരും ഡോ ഫസല്‍ ഗഫൂറും മുന്‍കൈ എടുത്താല്‍ ചര്‍ച്ചകളില്‍ പങ്കാളിയാവാന്‍ ഞാനും തയ്യാറാണ്.