എക്സൈസ് മന്ത്രി കെ ബാബു രാജിവെച്ചു

single-img
23 January 2016

K_BABUകൊച്ചി: എക്സൈസ് മന്ത്രി കെ ബാബു രാജിവെച്ചു. ബാര്‍കോഴക്കേസില്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതിന് പിന്നാലെയണ് രാജി. മൂന്നരയ്ക്ക് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേശനത്തിലാണ് രാജിപ്രഖ്യാപനം. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവരുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

കോടതി വിധിയുടെ പശ്ചാതലത്തില്‍ ബാബു രാജിവെക്കുന്നതാണ് നല്ലതെന്ന് സുധീരന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഗസ്റ്റ്ഹൗസില്‍ നേതാക്കള്‍ അടിയന്തര കൂടിക്കാഴ്ച്ച നടത്തി. രാജിതീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചു.

ബാര്‍ കോഴക്കേസില്‍ മന്തി കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മന്ത്രിക്കെതിരായ ആരോപണം വിജിലന്‍സ് ഒരിക്കല്‍ അന്വേഷിച്ചതാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി നേരത്തെ ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടത്.

ബാര്‍കോഴക്കേസില്‍ തിനിക്കെതിരെ ഉണ്ടെന്ന് പറയുന്ന ഗൂഢാലോചനയെ കുറിച്ചു രാജിപ്രഖ്യാപനത്തിനിടെ ബാബു വെളിപ്പെടുത്തി. ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍വെച്ച് തനിക്കെതിരെ ഗൂഢാലോചന നടന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബാറുടമകളും ചേര്‍ന്നാണ് യോഗം ചേര്‍ന്നത്. ഡിസംബര്‍ 15ന് ഏഴ് മണിക്ക് നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ബാര്‍ ഹോട്ടലുകള്‍ പൂട്ടിയതിന് ശേഷമാണ് ഈ യോഗം. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അധികാരത്തിലേറിയാല്‍ പൂട്ടിയ ചില ബാറുകള്‍ തുറക്കാമെന്നാണ് ധാരണയെന്നും ബാബു ആരോപിച്ചു.

തനിക്കെതിരെ ആരോപണമുന്നയിച്ച ബിജു രമേശിനെതിരെ മാനനഷ്ട കേസ് കൊടുത്തിരുന്നു. കേസ് വിചാരണ നേരിടുമെന്നായിരുന്നു അന്ന് അയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേസ് കൊടുത്തപ്പോള്‍ ഹൈക്കോടതിയില്‍ പോയി സ്‌റ്റേ വാങ്ങുകയാണ് അദ്ദേഹം ചെയ്തത്.

ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന നിര്‍ബന്ധമുള്ളത് കൊണ്ടാണ് അധികാരത്തില്‍ തുടരില്ലെന്ന് നിലപാടെടുത്തത്. രാജിക്ക് തനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിട്ടില്ല. വ്യക്തിപരമായ തീരുമാനപ്രകാരമാണ് രാജിയെന്നും ബാബു പറഞ്ഞു.

അതേസമയം ഗൂഢാലോചനാ ആരോപണം നിഷേധിച്ച് ശിവന്‍കുട്ടിയും ബിജു രമേശും ആരോപണങ്ങള്‍ തള്ളി സിപിഐഎം നേതാവ് ശിവന്‍കുട്ടി എംഎല്‍എ പറഞ്ഞു. പരാതി നല്‍കാന്‍ ബിജു രമേശ് തന്റെ വീട്ടില്‍ വന്നിട്ടുണ്ട്. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുകയാണ് ബാബു. ഗൂഢാലോചന എന്താണെന്ന് ബാബു വെളിപ്പെടുത്തണം. 2014 ഡിസംബറിന് മുമ്പ് തന്നെ ബാര്‍ ആരോപണം വന്നതാണ്. വന്ന കേസില്‍ എങ്ങനെയാണ് ഗൂഢാലോചന നടക്കുക. കോടിയേരിയും താനും ബാറുടമകളും ബാബുവിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല. അതേസമയം, മന്ത്രിമാര്‍ തങ്ങളില്‍ നിന്നും പണം വാങ്ങിയ കാര്യം ബാറുടമകള്‍ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

 

ബാബുവിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും രംഗത്തെത്തിയിരുന്നു. കോടതി വിധി മാനിക്കണമെന്ന് മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ പിജെ ജോസഫ് പറയുകയും ചെയ്തിരുന്നു. മാണിയെ പോലെ കെ ബാബുവും രാജിവെക്കണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം.