പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധിച്ച ദളിത് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി

single-img
23 January 2016

modi_20ലഖ്‌നൗ:  അംബേദ്കര്‍ സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധിച്ച ദളിത് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. പരിപാടി നടക്കുന്ന സമയത്ത് പ്രതിഷേധിച്ച ഇവരെ പൊലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോഴാണ് റാം കരണ്‍ നിര്‍മ്മല്‍, അമരേന്ദ്രകുമാര്‍ ആര്യ എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച ശിക്ഷയെക്കുറിച്ച് അറിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങള്‍ ചെയ്ത കാര്യത്തില്‍ യാതൊരു കുറ്റബോധവും തോന്നുന്നില്ല. സമൂഹത്തില്‍ ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന തോന്നലാണ് ഇപ്പോള്‍ ഉണ്ടായത്. അവസരം ലഭിച്ചാല്‍ ഇനിയും ചെയ്യുമെന്നും അവര്‍ പറഞ്ഞു.

പൊതുസമാധാനം തകര്‍ത്തു എന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷന്‍ 151 പ്രകാരം അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.

പബ്ലിസിറ്റിക്ക് വേണ്ടിയാണ് പ്രതിഷേധിച്ചതെന്ന ആരോപണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളിക്കളഞ്ഞു. രോഹിത് വെമുലയുടെ മരണത്തില്‍ നരേന്ദ്ര മോഡി വെച്ചുപുലര്‍ത്തുന്ന മൗനം സഹിക്കാന്‍ പറ്റാതെയാണ് പ്രതിഷേധം ഉയര്‍ത്തിയതെന്ന് ഇവര്‍ പറയുന്നു. തങ്ങളുടെ സ്വന്ത ഇഷ്ടപ്രകാരമാണ് പ്രതിഷേധിച്ചതെന്നും അതിന് രാഷ്ട്രീയ പ്രേരണയില്ലെന്നും അവര്‍ പറയുന്നു.

ചെറിയ കാര്യങ്ങള്‍ക്ക് പോലും ട്വിറ്റര്‍ പ്രതികരണങ്ങള്‍ നടത്തുന്ന മോഡി ദബോല്‍ക്കര്‍, അഖ്‌ലാഖ് തുടങ്ങിയവരുടെ മരണത്തിലെന്ന പോലെ രോഹിത്തിന്റെ മരണത്തിലും മൗനം പാലിച്ചുവെന്നും ഇവര്‍ പറയുന്നു.