പത്താന്‍കോട്ട് ഭീകരാക്രമണം; എസ്.പി സല്‍വിന്ദര്‍ സിംഗിനു എന്‍.ഐ.എ ക്ലീന്‍ ചിറ്റ് നല്‍കിയേക്കും

single-img
23 January 2016

salwinderന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ എസ്.പി സല്‍വിന്ദര്‍ സിംഗിനു ക്ലീന്‍ ചിറ്റ് നല്‍കാന്‍ എന്‍.ഐ.എ ആലോചിക്കുന്നു. എസ്.പിയുടെ മേല്‍ പതിഞ്ഞ സംശയത്തിന്റെ നിഴല്‍ നീങ്ങുന്നുതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടത്തിയ നുണ പരിശോധനയടക്കമുള്ള ശാസ്ത്രീയ പരിശോധനകളില്‍ സിംഗില്‍ നിന്നും തെളിവുകളൊന്നും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സംശയിക്കേണ്ടെന്ന നിലപാടില്‍ എന്‍.ഐ.എ എത്തിച്ചേര്‍ന്നത്.

ആക്രമണത്തിനു ശേഷം രണ്ടാഴ്ചയോളമായി സിംഗ് എന്‍.ഐ.എ ആസ്ഥാനത്ത് സ്ഥിരമായി എത്തി ചോദ്യം ചെയ്യലിന് വിധേയമായി വരികയായിരുന്നു. അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന റാക്കറ്റുമായി സിംഗിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നായിരുന്നു എന്‍.ഐ.എയുടെ പരിശോധന. സിംഗുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയെങ്കിലും സംശയകരമായി ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പത്താന്‍കോട്ട് ആക്രമണത്തിന് ഭീകരര്‍ ഡിസംബര്‍ 31ന് എത്തിയത് സിംഗിന്റെ വാഹനം തട്ടിയെടുത്തായിരുന്നു. ഭീകരര്‍ കടന്നതായി സിംഗ് മുന്നറിയിപ്പ് നല്‍കിയെങ്കിലും അധികൃതര്‍ അക്കാര്യം നിരസിക്കുകയായിരുന്നുവെന്ന് നേരത്തെ വ്യക്തമായിരുന്നു.