തെരുവുനായ്ക്കളുടെ കടിയേറ്റ് പരിക്കേല്‍ക്കുന്ന കുട്ടികള്‍ക്ക് ചുരുങ്ങിയത് 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശം

single-img
23 January 2016

strayതൊടുപുഴ: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്ന കുട്ടികള്‍ക്ക് ചുരുങ്ങിയത് 5000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു.  കമ്മീഷന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.ചികിത്സ തേടിയെത്തുന്ന കുട്ടികള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് നിര്‍ദേശമുണ്ട്.

ഗുരുതരമായി പരിക്കേല്‍ക്കുന്ന കുട്ടികള്‍ക്ക് വാക്‌സിനേഷനു പുറമെ പ്ലാസ്റ്റിക് സര്‍ജറി പോലുള്ള വിദഗ്ധ ചികിത്സകള്‍ക്കുള്ള ചെലവും സര്‍ക്കാര്‍ വഹിക്കണം. പരിക്കിന്റെ വ്യാപ്തിക്കനുസരിച്ച് കൂടുതല്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലോ മറ്റു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ നല്‍കണം.

നായ്ക്കള്‍ക്ക് ഉടമസ്ഥനുണ്ടെങ്കില്‍ ഇവരില്‍നിന്ന് റവന്യൂ റിക്കവറി മുഖേനയോ നിയമനടപടികളിലൂടെയോ നഷ്ടപരിഹാര തുക ഈടാക്കാം. നിയമാനുസൃതമുള്ള വന്ധ്യംകരണം, പ്രതിരോധ കുത്തിവെയ്പ്, ലൈസന്‍സ് തുടങ്ങിയവയെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന തെരുവുനായ ആക്രമണത്തെക്കുറിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ പരാതിയിലുള്ള ഉത്തരവിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.