കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ എ.സി. ജോസ് അന്തരിച്ചു

single-img
23 January 2016

joseകൊച്ചി: കോണ്‍ഗ്രസ് നേതാവും   മുന്‍ നിയമസഭാ സ്പീക്കറുമായ എ.സി. ജോസ് (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ യോഗത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍ തിരിച്ചെത്തിയ ജോസിന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് മണിയോടെ മരിച്ചു.

മൂന്ന് തവണ ലോക്‌സഭാംഗമായിട്ടുള്ള ജോസ് നാലു മാസമാണ് കേരള നിയമസഭാ സ്പീക്കറായത്. കാസ്റ്റിങ് വോട്ടിലൂടെ മന്ത്രിസഭയെ നിലനിര്‍ത്തിയെന്ന ഖ്യാതി ജോസിന് സ്വന്തമാണ്. 1982 ഫിബ്രവരി മൂന്ന് മുതല്‍ ജൂണ്‍ 23 വരെയാണ് നിയമസഭാ സ്പീക്കറായത്. ഈ കാലയളവില്‍  കരുണാകരന്‍ മന്ത്രിസഭയെ വീഴാതെ കാത്തത് ജോസിന്റെ കാസ്റ്റിങ് വോട്ടാണ്.

ഒരു ദിവസം എട്ട് കാസ്റ്റിങ് വോട്ട് ചെയ്ത ചരിത്രമുണ്ട് അദ്ദേഹത്തിന്. കാസ്റ്റിങ് വോട്ട് ഉപയോഗിച്ച കേരളത്തിലെ ഏക നിയമസഭാ സ്പീക്കര്‍ കൂടിയാണ് ജോസ്. അങ്ങിനെ കാസ്റ്റിങ് സ്പീക്കര്‍ എന്ന അപരനാമവും ലഭിച്ചു.  കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായി പ്രവര്‍ത്തിച്ചുവരികയാണ്.