താന്‍ ഹിന്ദുവായതിനാലാണ് പകിസ്താന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്; ബിസിസിഐക്ക് മാത്രമേ തന്നെ സഹായിക്കാനാകു-ഡാനിഷ് കനേരിയ

single-img
22 January 2016

danish-caneriaഇസ്‌ലാമാബാദ്: ഒത്തുകളി വിവാദത്തില്‍ പെട്ട് ആജീവനാന്തം വിലക്ക് നേരിടുന്ന മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. താന്‍  ഹിന്ദുവായതിനാലാണ് ദേശീയ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്നാണ് കനേരിയയുടെ ആരോപണം. ബിസിസിഐക്ക് മാത്രമേ തന്നെ സഹായിക്കാനാകുകയുളളുവെന്ന്‍ പ്രമുഖ ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്ക് ടൈലിനോട് ഡാനിഷ് കനേരിയ  പറഞ്ഞു.

ജീവിക്കാന്‍ വകയില്ലാതെ കഷ്ടപ്പെടുന്ന താന്‍ ക്ലബ് ക്രിക്കറ്റില്‍നിന്നു ലഭിച്ച തന്റെ അവസാന സമ്പാദ്യം ഉപയോഗിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും എത്രകാലം ഇതുപോലെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നും കനേരിയ പറഞ്ഞു. ഇന്ത്യന്‍ യുവതാരങ്ങളെ സ്പിന്‍ ബൗളിംഗ് പഠിപ്പിക്കാമെന്നും കനേറിയ  പറയുന്നു.

2009ലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് അസോസിയേഷന്‍ ഡാനിഷ് കനേരിയക്ക് ആജീവനനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഇംഗ്ലീഷ് കൗണ്ടി ക്ലബായ എസെക്‌സിനു വേണ്ടി കളിക്കുന്നതിനിടെയാണ് ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് കനേരിയയ്ക്കു വിലക്ക വന്നത്. എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തന്നെ ആരോ കുടുക്കിയതാണെന്നുമാണ് കനേരിയയുടെ വാദം. ഇക്കാര്യം ബ്രിട്ടീഷ് അന്വേഷണ ഏജന്‍സിയായ സ്‌കോര്‍ട്ടലന്‍ഡ് യാര്‍ഡ് അന്വേഷിച്ച് കണ്ടെത്തിയതാണെന്നും എന്നാല്‍ ഇത് പരിഗണിക്കാന്‍ പോലും പാക് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകുന്നില്ലെന്നും കനേരിയ പറയുന്നു.

മുഹമ്മദ് ആമിറിനും തനിക്കും രണ്ട് നീതിയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ ബിസിസിഐയോട് സഹായം തേടി എന്ന വാര്‍ത്ത തള്ളി കനേരിയ പിന്നീട് രംഗത്ത് വന്നു. താന്‍ പാകിസ്താനി ആയതില്‍ അഭിമാനിക്കുന്നതായും ആ സമയത്ത് താന്‍ വളരെ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിരുന്നതായും ഇന്ത്യന്‍ ഏക്‌സ്പ്രസിനോട് കനേരിയ പറഞ്ഞു. വിലക്ക് നേരിട്ടതിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ താനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

61 ടെസ്റ്റ് മത്സരത്തിലും 18 ഏകദിന മത്സരത്തിലും പാക് ജെഴ്‌സി അണിഞ്ഞിട്ടുളള കനേരിയ ടെസ്റ്റില്‍ 261 വിക്കറ്റ് സ്വന്തമാക്കിയിട്ടുളള താരമാണ്.