ആപ്പിള്‍ ഇന്ത്യയില്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നു

single-img
21 January 2016

Apple_gray_logoകൊച്ചി: ആപ്പിള്‍ ഇന്ത്യയില്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി  വ്യവസായ നയ പ്രോത്സാഹനവകുപ്പിന് അപേക്ഷ നല്‍കി. ഇന്ത്യ കേന്ദ്രീകരിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന നിക്ഷേപത്തിന്റെ കണക്കുകള്‍ ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല. പ്രമുഖ വിപണികള്‍ നേരിട്ട വളര്‍ച്ചാ മുരടിപ്പാണ് ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്. ഒരു മൂന്നാം കച്ചവടക്കാരനിലൂടെയാണ് ആപ്പിള്‍ ഇതുവരെ തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിച്ചത്. ആപ്പിളിന്റെ ബ്രാന്‍ഡഡ് വാണിജ്യ കേന്ദ്രങ്ങളായ ആപ്പിള്‍ സ്‌റ്റോറുകള്‍ തുടങ്ങുന്നതിനായി അപേക്ഷ ലഭിച്ചതായി വ്യവസായ നയ പ്രോത്സാഹന വകുപ്പ് സെക്രട്ടറി  വ്യക്തമാക്കി.

അപേക്ഷ വകുപ്പിന്റെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.  ഓണ്‍ലൈന്‍ വഴി ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള അനുമതിയും കമ്പനി തേടിയിട്ടുണ്ട്. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ മേഖലയില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം നടത്താനുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ ഉദാരവല്‍ക്കരിച്ചിരുന്നു.

നേരത്തെ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ രംഗത്തെ വിദേശ നിക്ഷേപ നിയമങ്ങളില്‍ ഇളവ് വേണമെന്ന് ആപ്പിള്‍ ആവശ്യമുയര്‍ത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 100 കോടി ഡോളര്‍ കടന്നിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം വളര്‍ച്ചയാണ് വിറ്റുവരവില്‍ ഉണ്ടായത്. വില്‍പ്പനയിലുണ്ടാകുന്ന വളര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നത്.