സ്വച്ഛ്ഭാരത് പദ്ധതിക്ക് അധികം പണം കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വിലകൂട്ടുന്നു

single-img
21 January 2016

narendra modi in Dhanbadന്യൂഡല്‍ഹി: സ്വച്ഛ്ഭാരത് പദ്ധതിക്ക് അധികം പണം കണ്ടെത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വിലകൂട്ടുന്നു. 2014 ഒക്ടോബര്‍ 2ന് ആരംഭിച്ച ശുചിത്വ പദ്ധതിക്ക് 2019 ആകുമ്പോഴേക്ക് 2.23 ലക്ഷം കോടി രൂപ സമാഹരിക്കണമെന്നാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.   ഇതിന്റെ ഭാഗമായിട്ടാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഇപ്പോള്‍ പെട്രോളിനും ഡീസലിനും ടെലികോം സേവനങ്ങള്‍ക്കും 0.5 ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.

മിനറല്‍ ജനറേഷന്‍ പ്ലാന്റുകളില്‍നിന്ന് ഉണ്ടാകുന്ന മാലിന്യങ്ങള്‍ക്ക് ഒരു ശതമാനം സെസ്, സേവനനികുതിക്ക് 0.5ശതമാനം സെസ് എന്നിവ ഈടാക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ദീര്‍ഘകാല സ്വച്ഛ്ഭാരത് ബോണ്ടുകളെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍പ് നിലവിലുണ്ടായിരുന്ന പ്ലാനിംഗ് കമ്മീഷന് പകരമായി നരേന്ദ്രമോഡി സര്‍ക്കാര്‍ രൂപീകരിച്ച നീതി ആയോഗാണ് കൂടുതല്‍ മേഖലകളിലേക്ക് സെസ് വ്യാപിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ഹോട്ടലുകളില്‍നിന്നും മറ്റും ഭക്ഷണം വാങ്ങിക്കുമ്പോള്‍ ബില്ലില്‍ സെസ് ഏര്‍പ്പെടുത്താറുണ്ട്. ഇതാണ് ഇപ്പോള്‍ ഇന്ധനത്തിലേക്കും ടെലികോം സേവനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.  നമന്ത്രാലയം അനുവാദം നല്‍കുകയാണെങ്കില്‍ അടുത്ത ബജറ്റില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപനങ്ങളായി ഉള്‍പ്പെടുത്തിയേക്കും.