‘ഒരേപദവിക്ക് ഒരേ പെന്‍ഷന്‍’ കാര്യക്ഷമമായി നടപ്പാക്കിയില്ല; റിപ്പബ്ലിക് ദിനാഘോഷത്തിലെ പരേഡില്‍ വിമുക്തഭടന്മാര്‍ പങ്കെടുക്കില്ല

single-img
21 January 2016

india-republic-day_conv2ന്യൂഡല്‍ഹി: ‘ഒരേപദവിക്ക് ഒരേ പെന്‍ഷന്‍’ കാര്യക്ഷമമായി നടപ്പാക്കാത്തതിനാല്‍ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ വിമുക്തഭടന്മാര്‍ പങ്കെടുക്കില്ല. 85-90 വിമുക്തഭടന്മാരടങ്ങുന്ന പരേഡ് വിഭാഗം റിപ്പബ്ലിക് ദിനത്തില്‍ ശ്രദ്ധേയമാവാറുണ്ട്. 15 വര്‍ഷത്തോളമായി പരേഡില്‍ പങ്കെടുത്തിരുന്ന വിമുക്തഭടന്മാര്‍ വിട്ടുനില്‍ക്കുന്നത് കേന്ദ്രസര്‍ക്കാറിന് തിരിച്ചടിയാണ്.

ഇതുവരെയും വിമുക്തഭടന്മാര്‍ക്ക് സ്വീകാര്യമായ രീതിയില്‍ പെന്‍ഷന്‍പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. വിമുക്തഭടന്മാരുടെ പ്രത്യേകപരേഡ് ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ ആര്‍മി വെറ്ററന്‍സ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നിശ്ചലദൃശ്യം ആവിഷ്‌കരിച്ചിട്ടുണ്ട്.

കരസേന, വ്യോമസേന എന്നിവയില്‍നിന്ന് നാല് വിമുക്തഭടന്മാര്‍വീതവും നാവികസേനയില്‍നിന്ന് മൂന്നുപേരും ദൃശ്യത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരായി രംഗത്തുവന്നിട്ടുണ്ട്. പരേഡിനൊപ്പം നീങ്ങുന്ന നിശ്ചല ദൃശ്യത്തില്‍ ഇവരെ ഉള്‍ക്കൊള്ളിക്കും.