വിദ്യാര്‍ഥിയുടെ മരണം; സര്‍വകലാശാലയിലെ അധ്യാപകര്‍ പ്രതിഷേധത്തില്‍; ഭരണപരമായ പദവികള്‍ വഹിക്കുന്ന 10 പ്രൊഫസര്‍മാര്‍ രാജിവെച്ചു

single-img
21 January 2016

Untitled-1014ഹൈദരാബാദ്: ദളിത് വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് സര്‍വകലാശാലയിലെ എസ്.സി,എസ്.ടി അധ്യാപകര്‍ പ്രതിഷേധത്തില്‍. ഭരണപരമായ പദവികള്‍ വഹിക്കുന്ന 10 പ്രൊഫസര്‍മാര്‍ പദവികളില്‍ നിന്ന് രാജിവെച്ചു. അതേസമയം സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ നിരാഹാര സമരം തുടരുകയാണ്.   കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയയെ പുറത്താക്കുക, സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെ സസ്‌പെന്‍ഡ് ചെയ്യുക, ഇരുവരെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരം.

ക്യാമ്പസില്‍ നിരോധനാജ്ഞ തുടരുകയാണ്. സംയുക്ത സമരസമിതിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. സി.പി.എം. തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രവും വിദ്യാര്‍ഥികള്‍ക്കൊപ്പം നിരാഹാരമിരിക്കുന്നുണ്ട്.

രോഹിതിന്റെ മരണം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഹൈദരാബാദ് സര്‍വകലാശാല വി.സി. നിയമനത്തിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അതാവ്‌ലേ വിദ്യാര്‍ഥികളോട് സംസാരിക്കാതെ തിരിച്ചുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി.

വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ തടഞ്ഞു. എന്‍.ഡി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയെയും ബണ്ടാരു ദത്താത്രേയയെയും പുറത്താക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു.