ഇന്ത്യക്ക് നാലാം തോല്‍വി; ധവാനും കോഹ്ലിയും സെഞ്ച്വറി അടിച്ചിട്ടും ഇന്ത്യയെ രക്ഷിക്കാനായില്ല

single-img
20 January 2016

Australia v India - Game 4കാന്‍ബറ:  ധവാനും കോഹ്ലിയും സെഞ്ച്വറി അടിച്ചിട്ടും ഇന്ത്യയെ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലും  ഇന്ത്യ തോറ്റു. ഒരുവേള ജയം കൈയെത്തും അകലെത്തെത്തിയ ഇന്ത്യ 25 റണ്‍സിനാണ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് തോല്‍വി ഇരന്നു വാങ്ങിയത്.ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഫിഞ്ചിന്റെ സെഞ്ച്വറിയുടെയും  ഡേവിഡ് വാര്‍ണറുടെയും സ്റ്റീവ് സ്മിത്തിന്റെയും  അര്‍ധസെഞ്ച്വറിയുടെയും ബലത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 49.2 ഓവറില്‍ 323 റണ്‍സിന് ഓള്‍ഔട്ടായി. ഒന്നിന് 277 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 46 റണ്‍സിന് ശേഷിക്കുന്ന ഏഴ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്.

25 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത രോഹിത് ശര്‍മ മടങ്ങിയശേഷമാണ് ഇന്ത്യ ധവാനിലൂടെയും കോഹ്ലിയിലൂടെയും തിരിച്ചടിച്ചത്. ധവാന്‍ 13 പന്തില്‍ നിന്ന് 126 ഉം കോലി 92 പന്തില്‍ നിന്ന് 106 ഉം റണ്‍സാണ് നേടിയത്. രണ്ടാം വിക്കറ്റിലെ ഇവരുടെ 212 റണ്‍സിന്റെ കൂട്ടുകെട്ടോടെയാണ് ഇന്ത്യ ആശ്വാസജയത്തിലേയ്ക്ക് തുഴഞ്ഞുനീങ്ങിയത്. ഇവര്‍ ക്രീസിലുള്ളപ്പോള്‍ ശരാശരി ഒരു പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്.38-ാം ഓവറിലെ മൂന്നാം പന്തില്‍ വാന്‍ ഹേസ്റ്റിങ്‌സിന്റെ പന്തില്‍ ബെയ്‌ലിക്ക് ക്യാച്ച് നല്‍കി ധവാന്‍ മടങ്ങിയതോടെയാണ് ഇന്ത്യയുടെ ആന്റി ക്ലൈമാക്‌സ് തുടങ്ങിയത്.

ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ധോണിയെയും മടക്കി ഹേസ്റ്റിങ്‌സ് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിത്തുടങ്ങി. 40-ാം ഓവറില്‍ റിച്ചാര്‍ഡ്‌സണ്‍ കോഹ്ലിയെ മടക്കിയതോടെ പരാജയം പൂര്‍ണ്ണമായി. ബാക്കിയല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു. രവീന്ദ്ര ജഡേജ ഒരറ്റത്ത് 27 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മറുഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. ഒരൊറ്റയാള്‍ക്ക് പോലും രണ്ടക്കം തികയ്ക്കാന്‍ കഴിഞ്ഞില്ല.അഞ്ചു വിക്കറ്റെടുത്ത റിച്ചാര്‍ഡ്‌സണ്‍ തന്നെയാണ് ഇന്ത്യയുടെ വാലറ്റത്തെ ചുരുട്ടിക്കെട്ടിയത്. ഹേസ്റ്റിങ്‌സും മാര്‍ഷും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.