രാജ്യത്തെ മദ്രസ്സകളില്‍ അറബിക്കും ഉറദ്ദുവിനും പകരം ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിക്കണമെന്ന് ശിവസേന

single-img
20 January 2016

samna-logoമുംബൈ: രാജ്യത്തെ മദ്രസ്സകളില്‍ അറബിയും ഉറദ്ദുവും പാഠ്യഭാഷയാക്കുന്നത് വിലക്കണമെന്ന് ശിവസേന. പകരം ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും മദ്രസ്സകള്‍ മാറണം. ബ്രിട്ടണില്‍ ഫാമിലി വീസയില്‍ എത്തുന്ന ഇംഗ്ലീഷ് അറിയാത്ത മുസ്ലീം സ്ത്രീകളെ പുറത്താക്കുമെന്ന സര്‍ക്കാരിന്റെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് ശിവസേന ഈ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നില്‍ വെച്ചത്.

നിരക്ഷരരായ മുസ്ലീം സ്ത്രീകളെ ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിഗമനം തള്ളിക്കളയാനാവില്ല. ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ഈ പാഠം ഉള്‍ക്കൊള്ളാന്‍ മോഡി തയ്യാറാകണം.

ഡേവിഡ് കാമറൂണ്‍ കാണിച്ച ധൈര്യം മോഡിയും കാണിച്ചാല്‍ രാജ്യത്തിന് അതിന്റെ പ്രയോജനം ലഭിക്കുമെന്നും ബുധനാഴ്ച പുറത്തിറങ്ങിയ സേനയുടെ മുഖപത്രമായ ‘സാമ്‌ന’യില്‍ പറയുന്നു. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള ധൈര്യം സര്‍ക്കാര്‍ കാണിക്കണമെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും സാമ്‌നയില്‍ ആവശ്യപ്പെടുന്നു.

വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന നമ്മുടെ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും വ്യവസായം, വാണിജ്യം, സംസ്‌കാരം, വിഭവശേഷി എന്നിവയെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ചര്‍ച്ച നടത്തുന്നു. എന്നാല്‍ രാജ്യത്തിനുള്ളിലുള്ള ശത്രുക്കള്‍ക്കെതിരെ പോരാടാനുള്ള ധൈര്യം എവിടെ നിന്നു ലഭിക്കുമെന്നും സാമ്‌ന ചോദിക്കുന്നു.