നാറാത്ത് ആയുധ പരിശീലന കേസ്; 21 പേര്‍ കുറ്റക്കാര്‍; ഒരാളെ വെറുതെവിട്ടു

single-img
20 January 2016

narathകൊച്ചി: നാറാത്ത് ആയുധ പരിശീലന കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി കണ്ടെത്തി. ഒരാളെ വെറുതെവിട്ടു. 2013 ഏപ്രില്‍ 23 മുതല്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കലാപം ലക്ഷ്യമിട്ട് ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്നാണ് കേസ്.

രണ്ടു മാസം മുമ്പാണ് കേസില്‍ വിചാരണ തുടങ്ങിയത്.  നവംബര്‍ 23 ന് വിചാരണ തുടങ്ങിയ കേസില്‍ എന്‍.ഐ.എ. സമര്‍പ്പിച്ച 62 പേരുടെ സാക്ഷിപ്പട്ടികയില്‍ നിന്ന് 26 പേരെയാണ് കോടതി വിസ്തരിച്ചത്. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും വിസ്തരിച്ചു.

ജനവരി 12 ന് അന്തിമ വാദം പൂര്‍ത്തിയാക്കി. വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.  മയ്യില്‍ പോലീസാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതോടെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തു. എന്‍.ഐ.എ. ഏറ്റെടുത്ത ശേഷമാണ് കേസില്‍ 22 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്. കേരളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ച കേസുകളില്‍ വേഗത്തില്‍ കോടതി നടപടി പൂര്‍ത്തിയാക്കിയത് ഈ കേസിലാണ്.