ദളിത് വിദ്യാര്‍ഥി ആത്മഹത്യചെയ്ത സംഭവം; കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയയുടെ രാജിക്ക് സമ്മര്‍ദമേറി

single-img
20 January 2016

Bandaru Dattatreyaഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥി  ആത്മഹത്യചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയയുടെ രാജിക്ക് സമ്മര്‍ദമേറി. കേസെടുത്തതിനാല്‍ മന്ത്രിസഭയില്‍നിന്ന് അദ്ദേഹത്തെ നീക്കണമെന്ന് കോണ്‍ഗ്രസ്സും സര്‍വകലാശാലാ കാമ്പസിലെ സംയുക്ത സമരസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു. രോഹിതടക്കം അഞ്ചു വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച മാനവശേഷിമന്ത്രി സ്മൃതി ഇറാനിയും രാജിവെക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാജി ആവശ്യം ബി.ജെ.പി തള്ളി. കോണ്‍ഗ്രസ് പ്രശ്‌നം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

ചൊവ്വാഴ്ചയും കാമ്പസില്‍ സംഘര്‍ഷാവസ്ഥയായിരുന്നു. പോലീസും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായി. തോക്കുധാരികളായ 300 പോലീസുകാരെ കാമ്പസില്‍ വിന്യസിച്ചിട്ടുണ്ട്. സര്‍വകലാശാലാ ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയ മനോവിഷമത്തിലാണ് ശാസ്ത്രസാങ്കേതികവിഭാഗത്തിലെ ഗവേഷണവിദ്യാര്‍ഥിയായ രോഹിത് വെമുല (28) ഞായറാഴ്ച സുഹൃത്തിന്റെ മുറിയില്‍ തൂങ്ങിമരിച്ചത്.