പോളിയോ വാക്‌സിനുകള്‍ക്ക് എതിരെ പ്രചാരണം നടത്തിയ വിദ്യാര്‍ത്ഥി പിടിയില്‍

single-img
19 January 2016

1428995952_arrested4_2ശ്രീനഗര്‍ : പോളിയോ വാക്‌സിനുകള്‍ക്ക് എതിരെ പ്രചാരണം നടത്തിയ വിദ്യാര്‍ത്ഥി പിടിയില്‍. വാക്‌സിനുകള്‍ കുട്ടികളുടെ മരണത്തിന് കാരണമാകുമെന്ന് പറഞ്ഞുപരത്തിയ പര്‍വേഷ് അഹമ്മദ് ഷേയ്ക്ക് (18) എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. കിംവദന്തി പടര്‍ത്തി ജനങ്ങള്‍ക്കിടയില്‍ അരാജകത്വവും ആശയക്കുഴപ്പവും സൃഷ്ടിച്ചുവെന്നതിന്റെ പേരിലാണ് അറസ്റ്റ്.

പാംപോര്‍ ഏരിയായിലെ ഒരു കുട്ടിക്ക് പോളിയോ വാക്‌സിന്‍ നല്‍കിയത് വഴിയായി കുട്ടി മരിച്ചതായി പര്‍വേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിരോധമരുന്ന് ലഭിച്ച കുട്ടികളെയുംകൊണ്ട് മാതാപിതാക്കള്‍ ആശുപത്രികളില്‍ എത്തി. തമാശയ്ക്കായിരുന്നു പര്‍വേഷ് ഇങ്ങനെ ചെയ്തത്. എന്നാല്‍ ഇത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. സംഭവത്തിന്റെ മറ്റ് മാനങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പോളിയോ വാക്‌സിനുകള്‍ നല്‍കിയതിനാല്‍ കുട്ടി മരിച്ചുപോയെന്നത് വെറും കിംവദന്തി മാത്രമാണെന്നും ഇത് വിശ്വസിക്കരുതെന്നും സംസ്ഥാന പോളിയോ പ്രതിരോധ ഓഫീസര്‍ പറഞ്ഞു.