ഇംഗ്ലീഷ് പരീക്ഷ പാസാകാത്ത അന്യനാട്ടുകാരായ അമ്മമാരെ നാടുകടത്തുമെന്ന് ഡേവിഡ് കാമറൂണ്‍

single-img
19 January 2016

david-cameron_1635080iലണ്ടന്‍:  ഇംഗ്ലീഷ് അറിയാത്ത അന്യനാട്ടുകാരായ അമ്മമാരെ ബ്രിട്ടണ്‍ നാടുകടത്തുന്നു.  ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുതിയ ഇംഗ്ലീഷ് പരീക്ഷ പാസാകാത്ത അന്യനാട്ടുകാരായ അമ്മമാരെയാണ് നാടുകടത്തുന്നതെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. പങ്കാളിക്കൊപ്പം ബ്രിട്ടനിലേക്ക് കുടിയേറി രണ്ടര വര്‍ഷമായി കഴിയുന്ന എല്ലാ ഭാര്യമാര്‍ക്കുമാണ് പുതിയ പരീക്ഷ നടത്തുന്നത്. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ അവരെ സ്വന്തം രാജ്യത്തേക്ക് കയറ്റിയക്കും. ബ്രിട്ടനില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനൊപ്പം രാജ്യത്ത് എത്തുന്ന ഭാര്യയേയും കുട്ടികളേയും തിരിച്ചയക്കുമോ എന്ന ചോദ്യത്തിന് അവരെ തുടരാന്‍ അനുവദിക്കുന്ന കാര്യം ഉറപ്പ് നല്‍കാനാകില്ലെന്നും കാമറൂണ്‍ പറഞ്ഞു.

ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ രാജ്യത്ത് തുടര്‍ന്നും കഴിയാന്‍ വിടുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാകില്ല. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്ക് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിബന്ധന ഒക്‌ടോബറിലാണ് നിലവില്‍ വരുക. സ്പൗസല്‍ സെറ്റില്‍മെന്റ് വിസയില്‍ എത്തുന്നവരെ ലക്ഷ്യമിട്ടാണ് ഇംഗ്ലീഷ് പരീക്ഷ നിര്‍ബന്ധമാക്കുന്നത്.

ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ അന്യനാട്ടുകാര്‍ക്ക് രാജ്യത്ത് വെച്ച് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായും പൗരത്വം ലഭിക്കും. തുടര്‍ന്നും അവരെ പിതാവിനൊപ്പം തങ്ങാനും അനുവദിക്കും. പക്ഷേ അവരുടെ അമ്മമാരെ പരീക്ഷ പാസായില്ലെങ്കില്‍ കൂടെ തങ്ങാന്‍ അനുവദിക്കില്ല എന്നതാണ് പുതിയ നിബന്ധന.