56ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരുവനന്തപുരത്ത് കൊടിയേറി

single-img
19 January 2016

school-kalolsavamതിരുവനന്തപുരം:  56ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ കൊടിയേറി. രാവിലെ 9.30ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി എം.എസ് ജയയാണ് കൊടി ഉയര്‍ത്തിയത്. സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തിക്കുന്ന തൈക്കാട് ഗവ. മോഡല്‍ സ്‌കൂളില്‍ രാവിലെ പത്തു മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. കലോത്സവത്തിന്റെ വേദികള്‍ ഒരുങ്ങിക്കഴിഞ്ഞു.    14 ജില്ലയ്ക്കും വെവ്വേറെ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഉച്ചയ്ക്കുശേഷം 2ന് ഘോഷയാത്ര ആരംഭിക്കും. സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. വൈകീട്ട് 5ന് പുത്തരിക്കണ്ടത്തെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ ജയരാജാണ് മുഖ്യ അതിഥി. 19 വേദികളിലായി 232 ഇനങ്ങളില്‍ പന്ത്രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും.

ഊട്ടുപുരയില്‍ പാലുകാച്ചല്‍ച്ചടങ്ങ് നടന്നു. ഇന്നലെ രാവിലെ 11.30ന് മന്ത്രി പി.കെ അബ്ദുറബ് നിര്‍വഹിച്ചത്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തന്നെയാണ് ഇത്തവണയും മത്സരാര്‍ഥികള്‍ക്കായി ഭക്ഷണം തയാറാക്കുന്നത്.

മൂന്നുവര്‍ഷം വിധികര്‍ത്താക്കളായവരെ ഒഴിവാക്കിയാണ് ഇത്തവണ വിധിനിര്‍ണയത്തിനുള്ളവരുടെ പാനല്‍ തയ്യാറാക്കിയത്. ആക്ഷേപങ്ങളെത്തുടര്‍ന്ന് വിധികര്‍ത്താക്കളെ വിജിലന്‍സിന്റെ നേതൃത്വത്തില്‍ നിരീക്ഷിക്കും.  അപ്പീലുകളുടെ എണ്ണം പരമാവധി കുറയ്ക്കാനുള്ള നടപടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്.  സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അറബിക് കലോത്സവം ബുധനാഴ്ച രാവിലെ 10.30ന് എസ്.എം.വി. സ്‌കൂളില്‍ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.