ഇക്കുറി റിപ്പബ്ലിക് ദിന പരേഡില്‍ ഒട്ടക സേനയില്ല; പരേഡിന്റെ 66 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒട്ടക സേന പങ്കെടുക്കാത്തത്

single-img
18 January 2016

bsf-camelഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍  ഒട്ടക സേന പങ്കെടുക്കില്ല. റിപ്പബ്ലിക് ദിന പരേഡിന്റെ 66 വർഷത്തെ ചരിത്രത്തിൽ  ആദ്യമായിട്ടാണ് ഒട്ടക സേന പങ്കെടുക്കാത്തത്. കഴിഞ്ഞ ഏതാനും മാസമായി ഒട്ടക സേന ഡൽഹിയിൽ ഉണ്ടെങ്കിലും ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തതിനാൽ റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സലിൽ പങ്കെടുപ്പിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. 54 അംഗങ്ങളുള്ള മൗണ്ടഡ് വിഭാഗം, 36 അംഗങ്ങളുള്ള മെമ്പർ ബാൻഡ് എന്നിങ്ങനെ രണ്ട് ടീമുകളായാണ് ഈ സംഘം പരേഡിൽ പങ്കെടുത്തിരുന്നത്.

ജനുവരി 29ന് റെയ്‌സിന കുന്നിൽ നടക്കുന്ന ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങിലും ഒട്ടക സേന പങ്കെടുത്തേക്കില്ലെന്ന് അധികൃതർ അറിയിച്ചു.രാജ്ഘട്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ അവിഭാജ്യഘടകമായിരുന്നു ഒട്ടക സേന. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ മറ്റ് ചില മാറ്റങ്ങൾ കൂടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ഇന്തോ ടിബറ്റൻ ബോഡർ പൊലീസ് ഫോഴ്സ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സശസ്‌ത്ര സീമാബൽ തുടങ്ങിയ വിഭാഗങ്ങളെ ഇത്തവണ പരേഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം കരസേനയുടെ ശ്വാന സേന, ഫ്രഞ്ച് പട്ടാളത്തിന്റെ സംഘം എന്നിവയെ ഇത്തവണ പരേഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ഒട്ടക സേന 1976 മുതലാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തു തുടങ്ങിയത്. അതുവരെ കരസേനയുടെ ഒട്ടക സേനയാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തിരുന്നത്.