മലയാളികള്‍ക്ക് സന്തോഷിക്കാം; യു.എ.ഇ.യില്‍ ഇനി മുതല്‍ തൊഴില്‍ കരാറുകള്‍ മലയാളത്തില്‍ ലഭിക്കും

single-img
18 January 2016

uaeദുബായ്: യു.എ.ഇ.യില്‍ ഇനി മുതല്‍ മലയാളത്തില്‍ തയ്യാറാക്കിയ തൊഴില്‍ക്കരാറുകളും ലഭിക്കും. അറബിയടക്കം മൊത്തം 11 ഭാഷകളില്‍ തൊഴില്‍ക്കരാര്‍ തയ്യാറാക്കാനാകും. ഇതില്‍ ഹിന്ദി, തമിഴ്, ഉര്‍ദു എന്നീ ഇന്ത്യന്‍ ഭാഷകള്‍ക്ക് നേരത്തെ അംഗീകാരം ലഭിച്ചിട്ടുണ്ട്. യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കണക്കുകള്‍ പരിശോധിച്ചാണ് ഭാഷകള്‍ക്ക് അംഗീകാരം നല്‍കിയത്. 2016 ജനവരില്‍ പ്രാബല്യത്തില്‍ വന്ന തൊഴില്‍ പരിഷ്‌കാരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ നടപടി.

സുതാര്യത ഉറപ്പാക്കുന്നതിനായി ജീവനക്കാര്‍ക്ക് തൊഴില്‍ക്കരാര്‍ മാതൃഭാഷയില്‍ തയ്യാറാക്കി നല്‍കണമെന്നത് സുപ്രധാന വ്യവസ്ഥകളിലൊന്നാണ്. നിയമന ഉത്തരവും അനുബന്ധ വ്യവസ്ഥകളും ഇത്തരത്തില്‍ മാതൃഭാഷയില്‍ തയ്യാറാക്കേണ്ടതുണ്ട്. അറബി, ഇംഗ്ലീഷ് ഭാഷകളിലും ജീവനക്കാരന്റെ മാതൃഭാഷയിലുമാണ് കരാര്‍ തയ്യാറാക്കേണ്ടത്. ഇതുപ്രകാരം ബംഗ്ല, ചൈനീസ്, ദാരി, നേപ്പാളീസ്, ശ്രീലങ്കന്‍ ഭാഷകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.

ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കുമിടയില്‍ സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശഭാഷകള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി  വ്യക്തമാക്കി.  നിയമന ഉത്തരവില്‍ ഒപ്പുവെക്കുന്നതിന് മുമ്പായി തൊഴിലാളികള്‍ മുഴുവന്‍ നിബന്ധനകളും അനുബന്ധ വ്യവസ്ഥകളും വായിച്ചുമനസ്സിലാക്കണം. ഇത് സാധിച്ചില്ലെന്ന് തെളിഞ്ഞാല്‍ 2014-ലെ തീരുമാനപ്രകാരം സ്ഥാപനത്തിനെതിരെ നടപടി കൈക്കൊള്ളും.

തെറ്റായ വിവരം നല്‍കിയെന്ന കുറ്റത്തിന് 20,000 ദിര്‍ഹമിന്റെ പിഴ ചുമത്തുകയും ചെയ്യും.  പുതുക്കിയ തൊഴില്‍ കരാര്‍ മാതൃക തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍നിന്ന് ലഭ്യമാകും. ഏത് രാജ്യത്തെ പൗരനാണ്. പാസ്‌പോര്‍ട് നമ്പര്‍ തുടങ്ങിയവ നല്‍കിയാല്‍ കരാര്‍ ലഭ്യമാകും.