ആദിവാസി ദമ്പതികളെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷണിച്ചു

single-img
17 January 2016

odisha-familyഭുവനേശ്വര്‍: ഒഡീഷയിലെ ബോണ്‍ഡാ കുന്നുകളില്‍ കഴിയുന്ന ആദിവാസി ദമ്പതികളെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷണിച്ചു.  ഥാബുലാന്‍ സീസ, ഭാര്യ സമാരി എന്നിവരെത്തേടിയാണ്‌ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ക്ഷണം എത്തിയത്‌. അതീവ ദരിദ്ര ഗോത്രവിഭാഗങ്ങളിൽപ്പെടുന്നവരാണ് ഒഡിഷയിലെ ബോൺടകൾ. ജനസംഖ്യ ഏഴായിരം. മൽകൻഗിരി ജില്ലയിലെ മുദുലിപ്പടയിലുള്ള ബന്തിഗുഡ ഗ്രാമത്തിലാണ് ദമ്പതികളുടെ താമസം. അതീവ പരിഗണനയര്‍ഹിക്കുന്ന ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്‌ ഒഡീഷയിലെ ബോണ്‍ഡാകള്‍.

പൊതു സമൂഹത്തില്‍നിന്നും ഒറ്റപ്പെട്ടു കഴിയുന്ന ബോണ്‍ഡാ സമുദായത്തില്‍നിന്നും ആദ്യമായി ഡല്‍ഹി സന്ദര്‍ശിക്കുന്നവരാണു ഥാബുലാലും സമാരിയും. പ്രസിഡന്റിനെയും പ്രധാനമന്ത്രിയേയും കാണാമെന്നു സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും തങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുമെന്നും ഥാബുലാല്‍ പറയുന്നു. ബോൺട മലകളിൽനിന്നു പുറം ലോകവുമായി ബന്ധപ്പെടാൻ റോഡ് ഗതാഗതമില്ലാത്തതിന്റെ പ്രയാസങ്ങൾ പ്രധാനമന്ത്രിയെ നേരിട്ടു കാണുമ്പോൾ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ഇവരുടെ ആഗ്രഹം.

തങ്ങള്‍ക്കൊപ്പമുള്ള രണ്ടു പേരെത്തേടി പ്രധാനമന്ത്രിയുടെ ക്ഷണമെത്തിയതറിഞ്ഞ്‌ ഗ്രാമത്തിലെമ്പാടും ഉത്സവപ്രതീതിയാണ്‌. വാര്‍ത്ത അറിഞ്ഞപ്പോള്‍ തുടങ്ങിയ ആട്ടവും പാട്ടും അവസാനിച്ചിട്ടില്ല. ഡല്‍ഹിലേക്ക്‌ ആദിവാസി വികസന ഏജന്‍സിയിലെ ഉദ്യോഗസ്‌ഥനും ദമ്പതിമാരെ അനുഗമിക്കും. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെയും ഇവര്‍ കാണുന്നുണ്ട്‌.