ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം;ഫെബ്രുവരി എട്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് വി.എസ് ശിവകുമാര്‍

single-img
17 January 2016

VS sivakumarകൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി എട്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം മാറ്റുമെന്നും, വിശ്വാസത്തില്‍ അധിഷ്ടിതമായിരിക്കും പുതിയ സത്യവാങ് മൂലമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം മാത്രമെ കാര്യങ്ങള്‍ തീരുമാനിക്കുകയുളളുവെന്നും ശിവകുമാര്‍ വ്യക്തമാക്കി.

വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് മാത്രമെ ശബരിമലയില്‍ പ്രവേശിക്കുവാന്‍ സാധിക്കു എന്നും, പരമ്പരാഗത വിശ്വാസപ്രകാരം നിശ്ചിത പ്രായപരിധിയിലുളള സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശിക്കുവാന്‍ കഴിയില്ലെന്നുമാണ് പുതിയ സത്യവാങ്മൂലത്തിലുളളത്. നേരത്തെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പത്തിനും, 50നും ഇടയില്‍ പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കൂടാതെ ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദമാക്കിയിരുന്നു.

സര്‍ക്കാരുകള്‍ മാറി വരുന്നത് അനുസരിച്ച് നിലപാടുകള്‍ മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി കേസ് പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.  അതേസമയം ശബരിമല സ്‌പെഷ്യല്‍ ബസ് സര്‍വീസുകളില്‍ സ്ത്രീകളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് ചോദ്യം ചെയ്തുളള ഹര്‍ജിയിലും ഒരു മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരും, കെഎസ്ആര്‍ടിസിയും ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കും.