അമ്മത്തൊട്ടില്‍ പൂട്ടിയത് അറിയാതെ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കാനെത്തിയ യുവതി കുടുങ്ങി; ഒടുവില്‍ ബാലക്ഷേമ സമിതി അംഗങ്ങള്‍ നേരിട്ട്‌ എത്തി കുട്ടിയെ ഏറ്റുവാങ്ങി

single-img
17 January 2016

Born Babyഅമ്മത്തൊട്ടില്‍ പൂട്ടിയത് അറിയാതെ  പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കാനെത്തിയ യുവതി വലഞ്ഞു. ആലപ്പുഴ വനിതാ – ശിശു ആശുപത്രിക്ക്‌ സമീപം ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നിനായിരുന്നു സംഭവം. ഒടുവില്‍ ബാലക്ഷേമ സമിതി അധികൃതര്‍ നേരിട്ട്‌ എത്തി കുട്ടിയെ ഏറ്റുവാങ്ങി.  കരുവാറ്റ സ്വദേശിയായ യുവതി കൂട്ടുകാരിക്കൊപ്പമാണ് എട്ടുദിവസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിക്കാനായി ശ്രമിച്ചത്‌.

എന്നാല്‍ അറ്റകുറ്റപ്പണിക്കായി അമ്മത്തൊട്ടില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. യുവതി സ്‌ഥലത്ത്‌ തെരയുന്നത്‌ കണ്ട്‌ സമീപത്തെ ഓട്ടോസ്‌റ്റാന്റിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ നിരവധിപേര്‍ തടിച്ചുകൂടി. ഇതോടെ യുവതി വനിതാ ശിശുആശുപത്രിയിലെത്തി സൂപ്രണ്ടിനെ സമീപിച്ച്‌ കുട്ടിയെ ഏറ്റെടുക്കണമെന്നറിയിച്ചു. കുട്ടിയെ നേരിട്ട്‌ ഏറ്റുവാങ്ങുന്നതിലുള്ള നിയമതടസം സൂപ്രണ്ട്‌ അറിയിച്ചു.

കുഞ്ഞിനെ തിരികെക്കൊണ്ടുപോയാല്‍ സഹായം നല്‍കാമെന്ന്‌ ആശുപത്രി ജീവനക്കരുള്‍പ്പടെ പറഞ്ഞെങ്കിലും യുവതി  സമ്മതിച്ചില്ല. ഇതോടെ സൂപ്രണ്ട്‌ ബാലക്ഷേമ പ്രവര്‍ത്തകരെ ബന്ധപ്പെട്ടു. തുടര്‍ന്ന്‌ ബാലക്ഷേമ സമിതിയംഗങ്ങള്‍ കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. 60 ദിവസം തങ്ങളുടെ സംരക്ഷണയില്‍ സൂക്ഷിക്കുന്ന കുഞ്ഞിനെ ആവശ്യമെങ്കില്‍ മാതാവിന്‌ തിരികെ നല്‍കാമെന്നും അല്ലാത്തപക്ഷം സംസ്‌ഥാന ബാലക്ഷേമ സമിതിക്ക്‌ കൈമാറി ദത്തുനല്‍കുന്ന നടപടിയുണ്ടാകുമെന്നും ബാലക്ഷേമ സമിതിയംഗങ്ങള്‍ പറഞ്ഞു.