തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ കുട്ടികളില്‍ നിന്നും ചാരിറ്റിയുടെ പേര് പറഞ്ഞ് പകല്‍ക്കൊള്ള; എതിര്‍ക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ടി.സി ഭീഷണിയും

single-img
16 January 2016

3

നിര്‍ബന്ധിത ചാരിറ്റി ഫീസ് കൊടുക്കാത്തതിന്റെ പേരില്‍ സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളില്‍ എല്‍.കെ.ജിയില്‍ പഠിക്കുന്ന കുട്ടിക്ക് സ്‌കൂള്‍ അധികൃതര്‍ ടി.സി. നല്‍കി പറഞ്ഞുവിടാന്‍ ശ്രമിക്കുന്നതായി പരാതി. പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടിക്ക് അക്കാഡമിക് നിലവാരം മോശമാണെന്ന് വരുത്തി തീര്‍ത്താണ് പുറത്താക്കാന്‍ ശ്രമിക്കുന്നതെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. തിരുവനന്തപുരം കവടിയാറിലുള്ള ക്രൈസ്‌ററ് നഗര്‍ സി.ബി.എസ്.ഇ സ്‌കൂളിനെതിരെയാണ് കുട്ടികളുടെ രക്ഷകര്‍ത്താവ് രംഗത്തെത്തിയത്.

പ്രസ്തുത സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന അയ്മന്‍ അലിയുടേയും എല്‍.കെ.ജിയില്‍ പഠിക്കുന്ന അയ്ദന്‍ അലിയുടേയും മാതാവും കോളേജ് അധ്യാപികയുമായ അല്‍-സമീറയാണ് സ്‌കൂളിലെ നിര്‍ബന്ധിത ചാരിറ്റിഫീസ് നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂള്‍ മാസാമാസം കുട്ടികളില്‍ നിന്നും വാങ്ങുന്ന ചാരിറ്റി ഫീസിനു പുറമേ, ഇക്കഴിഞ്ഞ ഡിസംബറില്‍ കുട്ടികള്‍ വീടുകള്‍ കയറിയിറങ്ങി പിരിവെടുത്ത് തുക സ്‌കൂളിലെത്തിക്കണമെന്ന നിര്‍ദ്ദേശവും നല്‍കുകയായിരുന്നു. അങ്ങനെ പിരിവെടുക്കാന്‍ തയ്യാറല്ലാത്തവരോ, കാശ് കളക്ട് ചെയ്യാന്‍ സ്‌കൂളി നിന്നും നല്‍കുന്ന ഫോം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നവര്‍ നിര്‍ബന്ധമായും 250 രൂപ പിഴയൊടുക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. ഈ നിര്‍ദ്ദേശത്തെ നിരാകരിച്ചതാണ് സ്‌കൂളള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു നീക്കമുണ്ടാകാന്‍ കാരണമെന്ന് അല്‍-സമീറ ആരോപിക്കുന്നു.

കഴിഞ്ഞ ഒക്‌ടോബര്‍ മാസം മുതലാണ് ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ ചാരിറ്റി ഫീസ് പിരിവ് ആരംഭിച്ചത്. ആ മാസം 200 രൂപ ഫീസിനു പുറമേ എല്ലാ കുട്ടികളും നിര്‍ബന്ധമായും ഓരോ ബഡ്ഷീറ്റും കൊണ്ടുവരണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. മറ്റെല്ലാവരേയും പോലെ താനും കുട്ടികളും അക്കാര്യം അനുസരിച്ചുവെന്ന് സമീറ പറഞ്ഞു. എന്നാല്‍ ഡിസംബര്‍ മാസത്തില്‍ സ്‌കൂള്‍ അവധിക്ക് തൊട്ടുമുമ്പ് ചാരിറ്റി ഫണ്ട് ശേഖരിക്കാനുള്ള ഒരു ഫോം കുട്ടികളുടെ കൈയില്‍ സ്‌കൂളില്‍ നിന്നും കൊടുത്തുവിടുകയായിരുന്നു. ആ ഫോം ഉപയോഗിച്ച് കുട്ടികള്‍ കളക്ഷന്‍ നടത്തണമെന്നും അവധി കഴിഞ്ഞ് വരുമ്പോള്‍ കളക്ഷന്‍ നടത്തിക്കിട്ടുന്ന (250 രൂപയ്ക്കു മുകളില്‍) തുക ക്ലാസ് ടീച്ചറെ ഏല്‍പ്പിക്കണമെന്ന് അറിയിക്കുകയും ചെയ്തു.

12562558_989017517829188_158503315_o

തന്റെ രണ്ടുകുട്ടികളും ഈ ഫോം വീട്ടില്‍ കൊണ്ടുവന്നില്ലെന്നും ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ ചാരിറ്റി ഫോം നഷ്ടപ്പെട്ടതിന്റെ പിഴയായി ഓരോ കുട്ടിയും 250 രൂപ അടയ്ക്കണമെന്ന് സ്‌കൂളില്‍ നിന്നും നിര്‍ദ്ദേശമുണ്ടാകുകയും ചെയ്തു. പിഴ അടച്ചില്ലെങ്കില്‍ എല്‍.കെ.ജിയില്‍ പഠിക്കുന്ന അയ്ദല്‍ അലിയുടെ ടി.സി നല്‍കുമെന്ന ഭീഷണിയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ ചാരിറ്റിക്ക് അധിക പണം നല്‍കിയില്ല എന്ന പേരില്‍ കുട്ടിയുടെ ടി.സി. വാങ്ങാന്‍ രക്ഷകര്‍ത്താവ് ഒരുക്കമല്ലായിരുന്നു.

ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് അല്‍-സമീറയെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ വിളിച്ചുവരുത്തി, കുട്ടി പഠന സംബന്ധമായി മോശമാണെന്നും അതുകൊണ്ടുതന്നെ കുട്ടിയെ പ്രസതുത സ്‌കൂളില്‍ പഠിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. കുട്ടി വീട്ടില്‍ പഠനസംബന്ധമായി യാതൊരു ന്യൂനതകളും കാട്ടാത്ത സ്ഥിതിക്ക് കുട്ടിയുടെ പഠന നിലവാര റിപ്പോര്‍ട്ട് അല്‍-സമീറ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പിറ്റേന്ന് പഠന നിലവാര റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ കുട്ടിക്ക് എ ഗ്രേഡുണ്ടെന്ന് മനസ്സിലാവുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ മറ്റൊരു വാദവുമായാണ് രംഗത്തു വന്നത്. പഠന നിലവാരത്തില്‍ കുട്ടി പിന്നോട്ടല്ലെന്നും ക്ലാസില്‍ ശ്രദ്ധാലവല്ലെന്നുമാണ് പ്രിന്‍സിപ്പല്‍ അറിയിച്ചത്.

കുട്ടിയുടെ പഠനനിലവാരം മോശമാണെന്ന് പറഞ്ഞ് തന്നെ വിളിച്ചു വരുത്തുകയും ഇപ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ തന്റെ കുട്ടിയെ മോശക്കാരനാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സ്‌കൂള്‍ നിലപാടിനെതിരെ അല്‍-സമീറ പ്രതികരിച്ചു. സ്‌കൂളില്‍ ചാരിറ്റിക്കുവേണ്ടിയെന്ന പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും അല്‍-സമീറ പറയുന്നു. മുമ്പ് തന്റെ മൂത്ത മകനോട് ക്ലാസ് ടീച്ചര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ പ്രിന്‍സിപ്പലിന് പരാതിയും നല്‍കിയിരുന്നുവെങ്കിലും അതിനു നടപടിയൊന്നുമുണ്ടായില്ലെന്ന് സമീറ പറയുന്നു.

12546202_989017507829189_649762140_o

മുമ്പ് ‘ഹിന്ദി ലേഖകന്‍’ ടെക്‌സ്റ്റ് ബുക്ക് കൊണ്ടുപോയില്ല എന്നു പറഞ്ഞ് ക്ലാസ് ടീച്ചര്‍ കുട്ടിയെ ഉപദ്രിവച്ചതായി സമീറ പറയുന്നു. ഇതിനെിരെ പ്രിന്‍സിപ്പലിനെ കണ്ട് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല അതിനുശേഷം കുട്ടി ക്ലാസില്‍ വിവേചനം നേരിട്ടതായും സമീറ പറയുന്നു. അതുകൊണ്ടുതന്നെ താന്‍ മനഃപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നുള്ള നിലപാടാണ് സ്‌കൂള്‍ പ്രിന്‍സിപ്പലും അധികൃതരും ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ രക്ഷകര്‍ത്താവ് ആരോപിക്കുന്ന തരത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കുട്ടിയുടെ ക്ലാസ് ടീച്ചറുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് രക്ഷകര്‍ത്താവ് ഈ നിലപാടെടുക്കുന്നതെന്നും ക്രൈസ്റ്റ് നഗര്‍ സി.ബി.എസ്.ഇ സ്‌കൂള്‍ പ്രിസിപ്പല്‍ ഫാ. സേവ്യര്‍ ബിനോ പറയുന്നു. സ്‌കൂളില്‍ നിര്‍ബന്ധിത ചാരിറ്റി ഫീസ് പിരിവ് നടന്നിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍ കുട്ടികളുടെ സ്‌കൂള്‍ ഡയറി അദ്ദേഹത്തിന്റെ പ്രസ്താവനയെ ഖണ്ഡിക്കുകയാണ്‌. ”ഏകദേശം ഒരുക്ഷത്തോളം രൂപ നല്‍കിയാണ് കഴിഞ്ഞ വര്‍ഷം രണ്ടുകുട്ടികളേയും ഈ സ്‌കൂളില്‍ ചേര്‍ത്തത്. അതിനുശേഷം നാലു മാസം കൂടുമ്പോഴും 12,000 രൂപ പഠനഫീസായി സ്‌കൂളിന് നല്‍കുന്നുമുണ്ട്. ഇനിയൊരു സ്‌കൂളിലേക്ക് മാറുന്ന കാര്യം ചിന്തിക്കാന്‍ കൂടി വയ്യ. എന്നിരുന്നാലും ചാരിറ്റിയുടെ പേരില്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഈ നിര്‍ബന്ധിത പിരിവ് ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്” അല്‍-സമീറ പറയുന്നു.