രണ്ട് വയസുള്ള കൈകുഞ്ഞുമായി യെല്ലമ്മ എന്ന യുവതി ഓട്ടോ ഓടിക്കുന്നത് ജീവിക്കാനും സിവില്‍ സര്‍വ്വീസ് എന്ന തന്റെ സ്വപ്‌നം നേടിയെടുക്കാനുമാണ്

single-img
16 January 2016

Yallamma

യെല്ലമ്മ എന്ന 22കാരി ബംഗളൂരു നഗരത്തിന് ഒരത്ഭുതമാണ്. രണ്ട് വയസുള്ള കൈകുഞ്ഞുമായി ഈ യുവതി തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഓട്ടോയോടിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ മറ്റുള്ളവര്‍ക്കാകില്ല. കാരണം ഇവള്‍ ഓട്ടോയോടിക്കുന്നത് സിവില്‍ സര്‍വ്വീസ് എന്ന സ്വപ്‌നത്തിലേക്കാണ്. ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റുള്ള ഒരു വരവ് കൂടിയാണ് യെല്ലമ്മയുടേത്.

അവിശ്വസനീയമായ കഥയാണ് യെല്ലമ്മയുടേത്. തന്റെ പതിനെട്ടാമത് വയസ്സില്‍ ഒരു പൂക്കച്ചവടക്കാരനോടൊപ്പം വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിച്ച് അയച്ചതോടെയണ് യെല്ലമ്മയുടെ പഠനം ഉപേക്ഷിക്കേണ്ടി വന്നത്. എന്നാല്‍ ഒരു കുട്ടിയായതോടെ ഭര്‍ത്താവ് യെല്ലമ്മയെ ഉപേക്ഷിച്ചു പോയി. എന്നാല്‍ തനിക്കുമേല്‍ വിധിയിട്ട നിഴലിനെ ഇച്ഛാചശക്തികൊണ്ട് തൂത്തെറിഞ്ഞ് യെല്ലമ്മ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോയി.

രണ്ടു വയസുള്ള ആണ്‍കുഞ്ഞിനെ പോറ്റുന്നതോടൊപ്പം ഐഎഎസിന് തയ്യാറെടുക്കാന്‍ രാവിലെ 6മുതല്‍ രാത്രി 8 വരെയാണ് ബംഗലൂരു നഗരത്തില്‍ ഓട്ടോയുമായി ഈ പെണ്‍കുട്ടി ഇറങ്ങി. സ്ത്രീയായതിനാല്‍ ഓട്ടോറിക്ഷ വാടകയ്ക്ക് തരാന്‍ പലരും വിസമ്മതിച്ചു. ഒടുവില്‍ പ്രതിദിനം 130 രൂപ വാടകയ്ക്ക് ഒരാള്‍ ഓട്ടോറിക്ഷ നല്‍കുകയായിരുന്നു.

എന്നാല്‍ തങ്ങളുടെ യാത്രക്കാരെ തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച് ഓട്ടോ സ്റ്റാന്റിലെ പുരുഷ ഡ്രൈവര്‍മാര്‍ യെല്ലമ്മയ്‌ക്കെതിരാണ്. പക്ഷേ തന്റെ കഥയറിയാവുന്ന യാത്രക്കാര്‍ മീറ്റര്‍ ചാര്‍ജിലും പത്തും ഇരുപതും രൂപ അധികം തന്ന് സഹായിക്കാറുണ്ടെന്നും നന്നായി പഠിക്കണമെന്ന് പറയുമെന്നും യെല്ലമ്മ പറയുന്നു. വീട്ടിലെ ചെലവുകള്‍ക്ക് ശേഷം ബാക്കി കാശ് പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങി തന്റെ സ്വപ്‌നത്തിന്റെ ലക്ഷ്യത്തിലേക്ക് പതുക്കെ നടന്നുകയറുകയാണ് ഈ പെണ്‍കുട്ടി.