ഗോവധ വിഷയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ കുടുംബത്തെ മനഃപൂർവം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പിതാവ്

single-img
16 January 2016

shamiമീററ്റ്: ഗോവധ വിഷയത്തിൽ തന്നെയും കുടുംബത്തെയും ചിലർ മനഃപൂർവം ഉപദ്രവിക്കാൻ  ശ്രമിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ പിതാവ് തൗസീഫ് അഹമ്മദ്. ഷാമിയുടെ സഹോദരൻ മുഹമ്മദ് ഹസീബിനെ ഗോവധവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ചിലരെ മോചിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ഗോവധവുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് ചിലർ പ്രവർത്തിക്കുന്നതായി ആരോപിച്ച് ഷാമിയുടെ പിതാവ് രംഗത്തെത്തിയത്.

താനും തന്റെ കുടുംബവും തികച്ചും അപകടകരമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. തികച്ചും വൈകാരിക വിഷയമായ ഗോവധത്തിന്റെ പേരിൽ തന്റെ കുടുംബത്തെ ചിലർ ഉപദ്രവിക്കുകയാണെന്നും തൗസീഫ് ആരോപിച്ചു.പൊലീസ് ആരോപിക്കുന്ന സംഭവം  നടക്കുമ്പോൾ ഹസീബ് സ്ഥലത്തുപോലുമുണ്ടായിരുന്നില്ല. ഏറെ കഴിഞ്ഞാണ് അവൻ അവിടെയെത്തിയത്.

അവിടെ കൂടിയിരുന്നവരേപ്പോലെ ഒരു വഴിപോക്കൻ മാത്രമായിരുന്നു ഹസീബും. അവനെ അനാവശ്യമായി വിഷയത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മുഹമ്മദ് ഷാമി ഇന്ത്യൻ ടീമിൽ കളിക്കാൻ തുടങ്ങിയതോടെ തന്റെ കുടുംബത്തിനുണ്ടായ വളർച്ചയിൽ അസൂയയുള്ള ചിലരാണ് ഇതിനെല്ലാം പിന്നിലെന്നും തൗസീഫ് അഹമ്മദ് ആരോപിച്ചു.

ലോകകപ്പിന് ശേഷം പരുക്കിനെ തുടർന്ന് വിശ്രമത്തിലാണ് മുഹമ്മദ് ഷാമി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഷാമിയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരുക്ക് ഭേദമാകാതിരുന്നതിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു.