ഇന്ദുലേഖ ചാത്തുവിനു 30,000 രൂപ നഷ്‌ടപരിഹാരം നല്‍കി കേസ് ഒതുക്കി

single-img
16 January 2016

Mammoottyമാനന്തവാടി: ഇന്ദുലേഖ മാനന്തവാടി സ്വദേശി ചാത്തുവിനു കമ്പനി 30,000 രൂപ നഷ്‌ടപരിഹാരം നല്‍കി കേസൊതുക്കി. സോപ്പ്‌ ഉപയോഗിച്ചാല്‍ സൗന്ദര്യം തേടിവരുമെന്ന നടന്‍ മമ്മൂട്ടിയുടെ വാഗ്‌ദാനത്തില്‍ വഞ്ചിക്കപ്പെട്ടെന്നാരോപിച്ചു ജില്ലാ ഉപഭോക്‌തൃകോടതിയില്‍ ഇദ്ദേഹം പരാതിപ്പെട്ടിരുന്നു.  അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ. ചാത്തുവാണു വയനാട്‌ ജില്ലാ ഉപഭോക്‌തൃകോടതിയില്‍ പരാതി നല്‍കിയത്‌.

താനും കുടുംബവും ഒരുവര്‍ഷമായി ഇന്ദുലേഖ സോപ്പാണ്‌ ഉപയോഗിക്കുന്നതെന്നും മമ്മൂട്ടിയുടെ പരസ്യവാചകം കേട്ടാണ്‌ ഇത്‌ ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും കഴിഞ്ഞ ഓഗസ്‌റ്റ്‌ 24-നു നല്‍കിയ പരാതിയില്‍ പറയുന്നു.

അസുഖം മൂലം രണ്ടുതവണ കോടതിയില്‍ ഹാജരാകാന്‍ ചാത്തുവിനു കഴിഞ്ഞില്ല. ഒടുവില്‍ ജനുവരി ആറിനു കേസ്‌ വിളിച്ചു.
എന്നാല്‍ തലേന്നുതന്നെ എതിര്‍കക്ഷികളുടെ വക്കീല്‍ ചാത്തുവിന്റെ വക്കീലിനെ സമീപിച്ച്‌ ഒത്തുതീര്‍പ്പിനു സന്നദ്ധരായി.  ഇന്ദുലേഖയെ ഹിന്ദുസ്‌ഥാന്‍ ലീവര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണു കേസ്‌ ഒതുക്കിയതെന്നു സൂചനയുണ്ട്‌.