കൊടും തീവ്രവാദി മസൂദ് പാകിസ്ഥാന്റെ സംരക്ഷണ തടവിലെന്ന് പാക് മന്ത്രി

single-img
15 January 2016

Maulana-Masood-Azhar-2.jpg.image.784.410

പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണ സൂത്രധാരനും ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദ് സ്ഥാപകനുമായ മസൂദ് അസ്ഹറിനെ പോലീസ് സംരക്ഷണ കസ്റ്റഡിയിലാണ് വച്ചിരിക്കുന്നതെന്ന് പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍. മുഹമ്മദ് മസൂദ് അസ്ഹര്‍ അറസ്റ്റിലല്ലെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാക് പഞ്ചാബ് പ്രൊവിന്‍സിലെ നിയമമന്ത്രി റാണ സനൗള്ളയാണ് രംഗത്ത് വന്നത്.

പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധമുണ്‌ടെന്നു തെളിഞ്ഞാലേ മസൂദിനെ അറസ്റ്റ് ചെയ്യുകയുള്ളൂവെന്നും അതുവരെ മസൂദ് അസ്ഹറിനെ പഞ്ചാബ് പോലീസ് സംരക്ഷണ തടവിലാക്കിയിരിക്കുകയാണെന്നും സനൗള്ള പാക്കിസ്ഥാനിലെ ഡോണ്‍ ന്യൂസിനോട് പറഞ്ഞു. അതേസമയം, മസൂദിനെ സംരക്ഷണ തടവിലാക്കിയെന്ന വാര്‍ത്തയോട് പാക് സര്‍ക്കാര്‍ ഇതുവരയ്ക്കും പ്രതികരിച്ചില്ല.

കഴിഞ്ഞ ദിവസം മസൂദിനെ അറസ്റ്റ് ചെയ്‌തെന്ന് പാക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, വാര്‍ത്ത അംഗീകരിക്കാന്‍ ഇന്ത്യ തയാറായില്ല. ഇക്കാര്യം പാക് സര്‍ക്കാര്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചില്ലെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞിരുന്നു.