ഖദറിട്ടുവന്ന എസ്എഫ്‌ഐക്കാരനെ സ്വന്തം പാര്‍ട്ടിക്കാര്‍ തല്ലിച്ചതച്ചു; ഖദര്‍ കണ്ട് സ്വന്തമാളാണെന്ന് ധരിച്ച് കെ.എസ്.യുക്കാര്‍ ആശുപത്രിയില്‍ കൂട്ടുപോയി

single-img
15 January 2016

picture-944_edited

ഖദറിട്ടു വന്ന എസ്എഫ്‌ഐ നേതാവിനെ സ്വന്തം സംഘടനക്കാര്‍ തല്ലിച്ചതച്ചു. എംജി സര്‍വകലാശാല തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ മൂവാറ്റുപുഴ മേഖലയില്‍ നിന്നെത്തിയ വിദ്യാര്‍ഥിയാണ് ആക്രമണത്തിനിരയായത്.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ വിദ്യാര്‍ഥിയെ ഐഡി കാര്‍ഡ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്ക് കല്ലിനിടിയേറ്റു വീണ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് അത് തങ്ങളുടെ പാര്‍ട്ടിക്കാരനാണെന്ന് മറ്റ് എസ്.എഫ്.ഐക്കാര്‍ക്ക് മനസ്സിലായത്.

പോലീസ് വാഹനത്തിലാണ് തലയ്ക്കു പരിക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. വിദ്യാര്‍ത്ഥി അടിയേറ്റു വീണപ്പോള്‍ ഖദര്‍ ധരിച്ചിരുന്നത്തിനാല്‍ സ്വന്തം സംഘടനയിലുള്ള ആളാണെന്ന് കെഎസ്‌യുക്കാരും തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ പോലീസ് മൊഴി എടുക്കുന്നതിനു ആശുപത്രിയില്‍ എത്തിയപ്പോള്‍ താന്‍ എസ്എഫ്‌ഐക്കാരനാണെന്ന് വിദ്യാര്‍ഥി വെളിപ്പെടുത്തുകയായിരുന്നു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയൊന്നുമില്ലെന്ന് അറിയിച്ചതോടെ പോലീസിനു പിന്നാലെ കെഎസ്‌യുക്കാരും സ്ഥലം വിട്ടു.