ശ്വാസകോശം, വായ്, തൊണ്ട എന്നിവിടങ്ങളിലെ അര്‍ബുദങ്ങള്‍ക്കു പുറമേ ആമാശയാര്‍ബുദങ്ങള്‍ക്കും ബീഡിവലി കാരണമാകുന്നതായി റീജിയണല്‍ കാന്‍സര്‍ സെന്റര്‍

single-img
13 January 2016

old-man-smoking-a-beedi

ശ്വാസകോശം, വായ്, തൊണ്ട എന്നിവിടങ്ങളിലെ അര്‍ബുദങ്ങള്‍ക്കു പുറമേ ആമാശയാര്‍ബുദങ്ങള്‍ക്കും ബീഡിവലി കാരണമാകുന്നതായി റീജിയണല്‍ കാന്‍സര്‍ സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. പുകയിലയുടെയും പുകയില ഉല്‍പ്പന്നങ്ങളുടെയും ഉപഭോഗം കേരളത്തില്‍ അര്‍ബുദരോഗം വ്യാപിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

സിഗരറ്റ് വലികക്കുന്നവരെ അപേക്ഷിച്ച് ബീഡി ഉപയോഗിക്കുന്നവര്‍ക്ക് ആമാശയസംബന്ധ അര്‍ബുദം വരാന്‍ സാധ്യത കൂടുതലാണെന്നും പഠനങ്ങള്‍ വ്യക്തമാചക്കുന്നു. ബീഡിയുടെ എണ്ണത്തെയും ഉപഭോഗ കാലയളവിനെയും ആശ്രയിച്ചാണ് ആമാശയസംബന്ധിയായ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിക്കുന്നതെന്നും പഠനത്തില്‍ സൂചനയുണ്ട്. 1990-2009 കാലയളവില്‍ കൊല്ലം ജില്ലയിലെ തീരദേശമേഖലയായ കരുനാഗപ്പള്ളിയില്‍ 30- 84 വയസ്സിനിടയിലുള്ള 65,553 പുരുഷന്‍മാരെ വിലയിരുത്തിയതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.

ആര്‍സിസിയില്‍ ചികിത്സതേടിയെത്തിയ പുരുഷന്‍മാരില്‍ 42% അര്‍ബുദത്തിനും കാരണം പുകവലിയാണ്. കേരളത്തിലെ ഒരു ലക്ഷം ആളുകളില്‍ 155 പേരില്‍ പുതുതായി അര്‍ബുദം കണ്ടുവരുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച കാലഘത്തില്‍ മനുഷ്യന്റെ ശരാശരി ആയൂര്‍ദൈര്‍ഘ്യം 50 വയസ്സായിരുന്നുവെങ്കില്‍ ഇപ്പോള്‍ 75 ആയി വര്‍ധിച്ചിരിക്കുന്നു. ആയൂര്‍ദൈര്‍ഘ്യ വര്‍ധനവിനു പുറമേ പുകവലിയും അര്‍ബുദങ്ങള്‍ക്ക് പ്രധാനകാരണമായി ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.