ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായിരുന്ന മുന്‍ ലഫ്. ജനറല്‍ ജെ.എഫ്.ആര്‍. ജേക്കബ് അന്തരിച്ചു

single-img
13 January 2016

lt-general-retd-jfr-jacob-during-a-programme-134066

1971 ല്‍ പാകിസ്ഥാനെ കീഴടക്കി ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയ ഇന്ത്യന്‍ സൈന്യത്തിന്റെ ജനറല്‍മാരില്‍ ഒരാളായിരുന്ന ജെ.എഫ്.ആര്‍. ജേക്കബ് (92) അന്തരിച്ചു. ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ഇന്നുരാവിലെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലാണ് അദ്ദേഹം അന്തരിച്ചത്. 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തില്‍ പാക്ക് സൈന്യത്തെ കീഴടക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു്

അന്നു സൈന്യത്തില്‍ മേജര്‍ ജനറലായിരുന്ന ജേക്കബ്, ഇന്ത്യന്‍ സേനയുടെ കിഴക്കന്‍ കമാന്‍ഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു. 1923ല്‍ ജനിച്ച ജേക്കബിന്റെ സേവന കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ബംഗ്ലദേശ് വിമോചനത്തിനായുള്ള ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധമായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയില്‍ ബംഗാള്‍ പ്രസിഡന്‍സിയില്‍ ജനിച്ച യഹൂദ വംശജനായ ജേക്കബ് തന്റെ പത്തൊന്‍പതാം വയസ്സില്‍ സൈന്യത്തില്‍ ചേരുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലും 1965ലെ ഇന്ത്യ- പാക്ക് യുദ്ധത്തിലും പങ്കെടുത്ത ജേക്കബ് 36 വര്‍ഷത്തെ വിശിഷ്ട സേവനത്തിനുശേഷം 1978ല്‍ പട്ടാളത്തില്‍ നിന്നു വിരമിച്ചു.

1991ല്‍ ജേക്കബ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടിവ് അംഗമായി 1993ല്‍ മാറിയ ഇദ്ദേഹം ബംഗ്ലദേശ് യുദ്ധത്തിന്റെ കഥ പറയുന്ന ‘സറണ്ടര്‍ അറ്റ് ധാക്ക’ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. ഗോവയുടെയും പഞ്ചാബിന്റെയും ഗവര്‍ണറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്, ജേക്കബ്.