പൊങ്കല്‍ ഉത്സവത്തിന് കൊണ്ടു പോകണമെന്ന്‌ ആവശ്യപ്പെട്ട്‌ ശല്യം ചെയ്‌ത ഭാര്യയെ ഭര്‍ത്താവ്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കത്തിച്ചു

single-img
13 January 2016

crimeപൊങ്കല്‍ ഉത്സവത്തിന് കൊണ്ടു പോകണമെന്ന്‌ ആവശ്യപ്പെട്ട്‌ ശല്യം ചെയ്‌ത ഭാര്യയെ ഭര്‍ത്താവ്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കത്തിച്ചു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ തിങ്കളാഴ്‌ച രാത്രിയാണ്‌ സംഭവം നടന്നത്‌. സ്‌ത്രീക്ക്‌ 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്‌.

കുമാര്‍(40)  തന്റെ ഭാര്യയായ ഉമ മഹേശ്വരിയെയാണ്‌(34) മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്‌.   മക്കളായ മരുതുപാണ്ടി(13), വീരപാണ്ടി(11) എന്നിവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ്‌ കുമാര്‍ ഉമയെ തീ വച്ചത്‌.

സമീപ ഗ്രാമത്തില്‍ നടക്കുന്ന പൊങ്കല്‍ ഉത്സവത്തിന്‌ തന്നെയും മക്കളെയും കൊണ്ട്‌ പോകണമെന്ന്‌ ഉമ കുമാറിനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കയ്യില്‍ അതിനുള്ള പണമില്ലെന്ന്‌ കുമാര്‍ വ്യക്‌തമാക്കി. ഇതെ തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായി.

വാഗ്വാദത്തിന്‌ ശേഷം ഉമ മക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന്‌ അര്‍ധരാത്രിയോടെ കുമാര്‍ ഉമയുടെ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.  കുമാറിനെതിരെ പോലീസ്‌ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌തു. ഇയാളെ ഉടന്‍ പിടികൂടുമെന്ന്‌ പോലീസ്‌ അറിയിച്ചു.