സംസ്ഥാന മന്ത്രിസഭ കാലയളവില്‍ എം.എല്‍.എമാര്‍ ചികിത്സാസഹായമായി വാങ്ങിയതു നാലരക്കോടിയിലേറെ രൂപ; ചികിത്സാ സഹായം ഏതുരോഗത്തിനാണെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് നിയമസഭാ സെക്രട്ടറി

single-img
12 January 2016

Niyamasabha

സംസ്ഥാന മന്ത്രിസഭ കാലയളവില്‍ എം.എല്‍.എമാര്‍ ചികിത്സാസഹായമായി വാങ്ങിയതു നാലരക്കോടിയിലേറെ രൂപ. പതിമൂന്നാം നിയമസഭയുടെ 2015 ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ എം.എല്‍.എമാര്‍ക്ക് ചികിത്സാച്ചെലവായി 4,61,74,858 രൂപ സര്‍ക്കാര്‍ നല്‍കിയിതായി വിവരാവകാശ രേഖകള്‍ പറയുന്നു. എന്നാല്‍, ഏതുരോഗത്തിനാണ് ചികിത്സയെന്നു വെളിപ്പെടുത്താനാകില്ലെന്നാണ് നിയമസഭാ സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നത്.

പൊതുപ്രവര്‍ത്തകനായ ആലപ്പുഴ സ്വദേശി കളത്തില്‍ വിജയന് 140 എം.എല്‍.എമാരില്‍ 117 പേര്‍ പണം കൈപ്പറ്റിയതിന്റെ വിവരങ്ങള്‍ മാത്രമാണ് വിവരാവകാശനിയമപ്രകാരം ലഭിച്ചത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ െകെപ്പറ്റിയ പണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുമില്ല.

പണം കൈപ്പറ്റിയവരില്‍ മുന്നില്‍ കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടിയാണ്. 1.91 കോടിയാണ് അദ്ദേഹം വാങ്ങിയത്. സി.പി.ഐ. നേതാവ് സി. ദിവാകരന്‍ 14.68 ലക്ഷവും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് സി.എഫ്. തോമസ് 11.28 ലക്ഷവും കൈപ്പറ്റിയിട്ടുണ്ട്. സി.പി.എമ്മിലെ എം. ചന്ദ്രന്‍ 10.70 ലക്ഷം, ജനതാദള്‍ എസിലെ ജമീല പ്രകാശം 8.04 ലക്ഷം, ഇ.പി. ജയരാജന്‍ 7.68 ലക്ഷം, തേറമ്പില്‍ രാമകൃഷ്ണന്‍ 6.65 ലക്ഷം, ഡോ. കെ.ടി. ജലീല്‍ 6.13 ലക്ഷം, ഡോ. ടി.എം. തോമസ് ഐസക് 2.98 ലക്ഷം, ജി. സുധാകരന്‍ 2.88 ലക്ഷം, വി. ശിവന്‍കുട്ടി 4.69 ലക്ഷം, കോടിയേരി ബാലകൃഷ്ണന്‍ 3.88 ലക്ഷം, എം.എ. ബേബി 3.40 ലക്ഷം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 2.86 ലക്ഷം എന്നിങ്ങനെ ചികിത്സാ ചെലവുകള്‍ക്കായി കൈപ്പറ്റിയിരിക്കുന്നു.

എന്നാല്‍ എം.എല്‍.എമാരായ കെ. അച്യുതന്‍, അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി, ടി.എ. അഹമ്മദ് കബീര്‍, സി.കൃഷ്ണന്‍, പി.എ. മാധവന്‍, കെ.എം. ഷാജി, എന്‍. ഷംസുദീന്‍ എന്നിവര്‍ ചികിത്സാ ധനസഹായം തേടിയിട്ടില്ല. ഇതില്‍ മുസ്ലിം ലീഗ് എം.എല്‍.എമാര്‍ പൊതുവേ ചികിത്സാ സഹായംകൈപ്പറ്റുന്നതില്‍ താല്‍പ്പര്യം കാണിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ രോഗവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ നല്‍കാന്‍ കഴിയില്ലെന്നാണ് നിയമസഭാ സെക്രട്ടറിയുടെ നിലപാട്.