സുധീരന്റെ ജനരക്ഷായാത്ര ഗ്രൂപ്പുയാത്രയെന്നു മുല്ലപ്പള്ളി

single-img
10 January 2016

mullapally

പാര്‍ട്ടിയില്‍ മൂന്നാം ഗ്രൂപ്പുണ്ടാക്കാനാണു സുധീരന്‍ ജനരക്ഷായാത്ര നടത്തുന്നതെന്നും ഈ യാത്ര ഗ്രൂപ്പ് യാത്രയാണെന്നും പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി രംഗത്ത്. വടകരയില്‍ ജനരക്ഷായാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാതിരുന്നതു മനഃപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.

ജനരക്ഷായാത്രയില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമായിരിക്കാമെന്നു സുധീരന്‍ വിശദീകരിച്ചതിനു തൊട്ടുപിന്നാലെയാണു മുല്ലപ്പള്ളി കടുത്തഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നത്. ”പാര്‍ട്ടിയില്‍ മൂന്നാം ഗ്രൂപ്പുണ്ടാക്കുകയാണു സുധീരന്റെ ലക്ഷ്യം. വടകരയിലെ പരിപാടിയില്‍ നിന്നും വിട്ടുനിന്നത് മനഃപൂര്‍വമാണ്. ഒന്നിനും കൊള്ളാത്തവരെ സുധീരന്‍ ഡിസിസികളില്‍ തിരുകിക്കയറ്റി. പാര്‍ട്ടി പുനഃസംഘടനയില്‍ പൂര്‍ണമായും താന്‍ അവഗണിക്കപ്പെട്ടു. തന്നെ വേണ്ടാത്ത പാര്‍ട്ടിക്കാരോടൊപ്പം ജനരക്ഷായാത്ര നടത്തേണ്ട കാര്യമില്ല” അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയാണു വടകരയില്‍ ജനരക്ഷായാത്ര എത്തിയത്. തന്റെ മണ്ഡലമായ വടകരയില്‍ ഉണ്ടായിരുന്നിട്ടും മുല്ലപ്പള്ളി ചടങ്ങില്‍ എത്തിയില്ല.