വര്‍ഷങ്ങളായി ശുഷ്‌കമായ ഗാലറിയുമായി സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ നടത്തുന്ന സംഘാടകര്‍ ഇത്തവണ തിരുവനന്തപുരത്തെ ഫൈനല്‍ കണ്ട് ഞെട്ടി; പതിനായിരത്തില്‍ താഴെ കാണികളെ പ്രതീക്ഷിച്ച സ്ഥാനത്ത് എത്തിയത് 42,000 പേര്‍

single-img
9 January 2016

saffindiafans_1451843386

വര്‍ഷങ്ങളായി ശുഷ്‌കമായ ഗാലറിയുമായി സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ നടത്തുന്ന സംഘാടകര്‍ ഇത്തവണ തിരുവനന്തപുരത്തെ ഫൈനല്‍ കണ്ട് ഞെട്ടി; സാഫിന്റെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത ജനപങ്കാളിത്തമാണ് ഇന്ത്യ- അഫ്ഗാന്‍ ഫൈനലിനു കണ്ടതെന്നു പ്രധാന സംഘാടകരായ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ യോഗം അറിയിച്ചു. പതിനായിരത്തില്‍ താഴെ കാണികളെ പ്രതീക്ഷിച്ചവര്‍ കണ്ടത് 42,000 ത്തോളം പേരെയാണ്.

സാഫ് ഫെഡറേഷനുമായി മൂന്നു തവണയായി സാഫ് കപ്പ് സംഘാടനത്തിനു സഹകരിക്കുന്നുണ്ടെങ്കിലും ഇന്നുവരെ പതിനായിരം പേരില്‍ കൂടുതല്‍ ഫൈനലിനു വന്നുകണ്ടിട്ടില്ലെന്ന് വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് പറഞ്ഞു. എന്നാല്‍ സംസ്ഥാന തലസ്ഥാനത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കാണികള്‍ നല്‍കിയ ആവേശത്തേരിലേറി അദ്ഭുതകരമായ കളി കാഴ്ചവച്ച ഇന്ത്യന്‍ ടീം കരുത്തരായ അഫ്ഗാനിസ്ഥാനെ 2-1നു കീഴടക്കുകയായിരുന്നു.

ഉദ്ഘാടനമല്‍സരം ഉള്‍പ്പെടെ ലീഗിലെ ആദ്യഘട്ട മല്‍സരങ്ങള്‍ക്കു നൂറും അഞ്ഞൂറുമൊക്കെയായിരുന്നു കാണികള്‍. 55,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ ആളൊഴിഞ്ഞ മൂലകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാതും ആദ്യഘട്ടത്തില്‍ നിരാശ പടര്‍ത്തിയിരുന്നു. മാലദ്വീപില്‍ നിന്നു കളി കാണാന്‍ പ്രത്യേക പാസ് നല്‍കി വരുത്തിച്ചവര്‍ മാത്രമായിരുന്നു ചില കളികളിലെ ആശ്വാസം. ഇന്ത്യയുടെ മല്‍സരങ്ങള്‍ ഉള്ള ദിവസം പോലും ആളുകള്‍ സ്റ്റേഡിയത്തില്‍ നിന്നു വിട്ടുനിന്നു. ഇതിനെതുടര്‍ന്ന് കെഎഫ്എയുടെ കളി നടത്തിപ്പിനെക്കുറിച്ചു വ്യാപക പരാതികളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നത്.

മാധ്യമപ്രചാരണമോ ടിക്കറ്റ് വിതരണമോ നടത്താത്തതിനെ തുടര്‍ന്നാണു ചാംപ്യന്‍ഷിപ് പരാജയപ്പെട്ടതെന്ന് ആരോപണമുണ്ടാക്കി തലസ്ഥാനത്തെ പുതിയ സ്റ്റേഡിയത്തില്‍ കളി നടത്തുന്നത് അപ്രായോഗികമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണെന്നും കാണികളുടെ കുറവ് വ്യാഖ്യാനിക്കപ്പെട്ടു. മാത്രമല്ല മാധ്യമ പ്രവര്‍ത്തകര്‍ക്കു റിപ്പോര്‍ട്ടിങ്ങിനുള്‍പ്പെടെ സൗകര്യങ്ങള്‍ ആദ്യദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ അവസാനഘട്ടത്തില്‍ വന്ന മാധ്യമ വാര്‍ത്തകളാണു ചാംപ്യന്‍ഷിപ്പിനെ ജനപ്രിയമാക്കാന്‍ തുടങ്ങിയത്. ഇന്ത്യ സെമിയില്‍ പ്രവേശിക്കുകയും മികച്ച കളി കാഴ്ചവയ്ക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ആളുകള്‍ ഫുട്‌ബോളിനെ ഇഷ്ടപ്പെടാന്‍ തുടങ്ങുകയായിരുന്നു.