കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നു ഹൈക്കോടതി

single-img
9 January 2016

kerala-high-court

കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും വീട്ടില്‍ എല്ലാവരുടെയും ശ്രദ്ധയെത്തുന്ന മുറിയിലാണു കംപ്യൂട്ടര്‍ വയ്‌ക്കേണ്ടതെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ബി. കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. പ്രധാനമായും അശ്ലീല സൈറ്റുകള്‍ കുട്ടികള്‍ക്ക് അപ്രാപ്യമാണെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോന്നിയില്‍നിന്നു കാണാതായ മൂന്നു പെണ്‍കുട്ടികളുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കണമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടത്. കുട്ടികള്‍ ഇന്റര്‍നെറ്റിന് അടിമകളായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞത്.

പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകളും കോടതി പരിശോധിച്ചു. കോന്നി ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിനികളായ ആതിര ആര്‍. നായര്‍, എസ്. രാജി, ആര്യ കെ. സുരേഷ് എന്നിവരുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹൈക്കോടതിയിലെത്തിയത്. ഈ കേസിന്റെ ഡയറിയും മൊഴികളുമടങ്ങിയ രേഖകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ജസ്റ്റീസ് കെമാല്‍ പാഷ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.