ജില്ലയിലെ കുളങ്ങള്‍ വൃത്തിയാക്കാനുള്ള പുതിയ പദ്ധതിയുമായി കോഴിക്കോടിന്റെ സ്വന്തം കലക്ടര്‍ എന്‍.പ്രശാന്ത്

single-img
9 January 2016

12509198_1705127533057353_1330579109482723638_n

‘നല്ലോണം കുളം വാരിയാല്‍ ബിരിയാണി വാങ്ങിത്തരാം’: പറയുന്നത് മറ്റാരുമല്ല, കോഴിക്കോടിന്റെ സ്വന്തം കലക്ടര്‍ എന്‍.പ്രശാന്താണ്. ജില്ലയിലെ കുളങ്ങള്‍ വൃത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹം. കുളം,ചിറ എന്നിവ വൃത്തിയാക്കി നാട്ടിലെ ജലസമ്പത്തിനെ സംരക്ഷിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനായി ഓപ്പറേഷന്‍ സുലൈമാനി പോലെ വ്യത്യസ്തമായ ആശയവുമായാണ് കലക്ടര്‍ രംഗത്തെത്തിയിരിക്കുന്നത്. ‘നല്ലോണം കുളം വാരിയാല്‍ ബിരിയാണി വാങ്ങിത്തരാം’ എന്ന മോഹിപ്പിക്കുന്ന വാഗ്ദാനവുമായിട്ടാണ് കലക്ടര്‍ കുളം വൃത്തിയാക്കല്‍ ക്യാമ്പയിനുമായി മുന്നിട്ടിറങ്ങിയത്.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:

സ്വന്തം നാട്ടിലെ ജലസമ്പത്ത്‌ സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവർക്ക്‌ ഒരു ഹേതു വന്നു പെട്ടിട്ടുണ്ട്. വരൾച്ച പ്രതിരോധ ഫണ്ടിൽ നിന്നും കുടിവെള്ള പദ്ധതികൾക്കും ജലസ്രോതസ്സ് സംരക്ഷണത്തിനുമായി അനുവദിച്ച തുകയിൽ ശ്രമദാനമായി കുളം, ചിറ സംരക്ഷണ പ്രവർത്തനങ്ങളിൽ സന്നദ്ധസേവകരുടെ ഭക്ഷണത്തിനും യാത്ര ചെലവിനുമായി ഒരു തുക അനുവദിക്കാൻ വകുപ്പുണ്ട്. പ്രദേശത്തെ 100 ലധികം കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന ചിറയോ കുളമോ ആണെങ്കിൽ വൃത്തിയാക്കുന്ന ജോലിക്ക് വേണ്ടി ഒരു പമ്പ് വാടകക്ക് എടുക്കാനും അനുമതിയുണ്ട്. ഒരു പദ്ധതിക്ക്‌ ഈ ഫണ്ടിൽ നിന്നും മൊത്തം ചെലവാക്കുന്ന തുക അമ്പതിനായിരം രൂപയിൽ കൂടരുത് എന്ന് മാത്രം.
താല്പര്യമുള്ള യുവജന സംഘടനകളോ സന്നദ്ധ സംഘടനകളോ റസിഡൻസ് അസ്സോസിയേഷനുകളൊ ഉണ്ടെങ്കിൽ ജില്ലാ കളക്ടരുടെ ഓഫീസുമായി ബന്ധപ്പെടുക. നാട്ടുകാർക്ക് ഉപകാരമുള്ള ഒരു കാര്യം. അദ്ധ്വാനം നിങ്ങളുടേത്. ബിരിയാണി സർക്കാരിന്റെ വക.എന്താ ഒരു കൈ നോക്കുന്നോ?