അമ്പത് വര്‍ഷത്തിന്റെ നിറമുള്ള ഓര്‍മ്മകള്‍ ബാക്കിവെച്ച് ഇന്ത്യക്കാരന്റെ സ്വന്തം സമയസൂചികയായ എച്ച്.എം.ടിക്ക് താഴുവീണു

single-img
8 January 2016

0 hmt watches

ബുധനാഴ്ച എച്ച്.എം.ടി യെ സംബന്ധിച്ച് നിര്‍ണ്ണായക ദിനമായിരുന്നു. അമ്പത് വര്‍ഷത്തിന്റെ നിറമുള്ള ഓര്‍മ്മകള്‍ ബാക്കിവെച്ച് ഇന്ത്യക്കാരന്റെ സ്വന്തം സമയസൂചികയായ എച്ച്.എം.ടിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച ദിവസം. ഇനിയൊരു തിരിച്ചുവരവില്ലാതെ കമ്പനിയുടെ അവശേഷിക്കുന്ന മൂന്ന യൂണീറ്റുകള്‍ കൂടി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ എച്ച.എം.ടി എന്ന ിന്ത്യക്കാരന്റെ സ്വന്തം ‘സമയം’ എന്നെന്നേയ്ക്കുമായി ഓര്‍മ്മയാകുകയാണ്.

പുതിയ സങ്കേതികവിദ്യകളുടെ കുത്തൊഴുക്കില്‍ എച്ച്.എം.ടി വാച്ചുകള്‍ക്കു പിടിച്ചുനില്‍ക്കാനാവില്ലെന്ന തിരിച്ചറിവു കൂടിയാണ്‌ള നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരുകാലത്ത് ഇന്ത്യന്‍ ജനങ്ങളുടെ ഫാഷന്റെ പര്യായമായി കൈയ്കളില്‍ അണിഞ്ഞ ആ വാച്ചുകള്‍ പഴയ ജനങ്ങള്‍ക്ക് അഭിമാനത്തോടെയുള്ള ഓര്‍മ്മകള്‍ മാത്രമായി മാറും. എച്ച്.എം.ടി വാച്ചസ് ലിമിറ്റഡ്, എച്ച്.എം.ടി ചിനാര്‍ വാച്ചസ്, എച്ച്.എം.ടി ബെയറിങ് ലിമിറ്റഡ് എന്നിവയാണ് അാവസാനമായി അടച്ചുപൂട്ടാന്‍ തീരുമാനിച്ച കമ്പനികള്‍.

ഇപ്പോള്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വി.ആര്‍.എസ് നല്‍കിയാണ് കമ്പനിക്ക് പൂട്ടുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 427 കോടിയുടെ സാമ്പത്തിക പാക്കേജിന് അംഗീകാരം നല്‍കിയിട്ടുണ്ട്. നാല് യൂണിറ്റുകളില്‍ തുംകൂരിലെ യൂണിറ്റില്‍ മാത്രമാണ് വാച്ച് നിര്‍മ്മാണം ഇപ്പോള്‍ നടന്നുവന്നിരുന്നത്.
സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നല്‍കുന്ന ഓര്‍ഡര്‍പ്രകാരം വാച്ചുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ജോലിയാണ് തുംകൂടില്‍ നടക്കുന്നത്. മൂന്നു ദശാബ്ദം മുമ്പ് 1987 ലാണ് ഏറ്റവും ഒടുവില്‍ എച്ച്.എം.ടിയില്‍ നിയമനം നടന്നത്. കമ്പനിയില്‍ ശേഷിക്കുന്ന 923 ജീവനക്കാരില്‍ ആര്‍ക്കും ഇനി എട്ട് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ശേഷിക്കുന്നില്ല. ഇതില്‍ ഭൂരിഭാഗവും വിരമിക്കലിന്റെ വക്കിലാണെന്നുള്ളതും വസ്തുതയാണ്്

വി.ആര്‍.എസ് പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗികമായി താഴിടാന്‍ മൂന്നോ നാലോ മാസമെടുക്കുമെന്നും പക്ഷേ വാച്ച് നിര്‍മ്മാണം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ണമായും നിര്‍ത്തുമെന്നും ജീവനക്കാര്‍ അറിയിച്ചു. കമ്പനിയുടെ മൂന്നു യൂണിറ്റുകള്‍ കഴിഞ്ഞവര്‍ഷം പൂട്ടിയിരുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് എച്ച്.എം.ടിയും അടച്ചുപൂട്ടുന്നത്.

ജപ്പാനിലെ സിറ്റിസണ്‍ വാച്ച് കമ്പനിയുമായി ചേര്‍ന്ന് 1961 ലാണ് ഇന്ത്യയുടെ എച്ച്.എം.ടി വാച്ചസ് പ്രവര്‍ത്തനം തുടങ്ങിയത്. ബാംഗ്ലൂരില്‍ ആദ്യത്തെ നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയത്. ഇവിടെ നിര്‍മ്മിച്ച ആദ്യത്തെ റിസ്റ്റ് വാച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് പുറത്തിറക്കിയത്. കമ്പിനി നിര്‍മ്മിച്ച വാച്ചുകളില്‍ എച്ച്.എം.ടി ജനതയായിരുന്നു ഏറ്റവും ജനപ്രിയമായ മോഡല്‍. കൂടാതെ എച്ച്.എം.ടി പൈലറ്റ്. എച്ച്.എം.ടി ഝലക്, എച്ച്.എം.ടി സൊണ, എച്ച്.എം.ടി ബ്രെയില്‍ എന്നിവയെല്ലാം എച്ച്. എം.ടിയുടെ ജനപ്രിയ മോഡലുകളായിരുന്നു.

ഇന്ത്യന്‍ പേരുകളിലാണ് ഭൂരിഭാഗം മോഡലുകളും ഇറക്കിയതെന്നുള്ളതും പ്രത്യേകതകളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്ത് 10 മാസംവരെ എച്ച്.എം.ടി വാച്ചുകള്‍ക്കായി കാത്തിരിക്കേണ്ടി വന്ന അവസ്ഥയില്‍ നിന്നാണ് ആ ബ്രാന്‍ഡ് തന്നെ ഇല്ലാതായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയത്. 1985 ല്‍ ക്ലോക്ക് നിര്‍മ്മാണവും തുടങ്ങിയെങ്കിലും സ്വകാര്യ കമ്പനികള്‍ വിലകുറച്ച് വാച്ചുകള്‍ ഇറക്കി തുടങ്ങിയതോടെയാണ് എച്ച്.എം.ടി പതിയെ പിന്നാമ്പുറത്തേക്ക് മാറുകയായിരുന്നു.